കോരപ്പുഴ പാലത്തിന് മുകളില്‍ ട്രെയിനില്‍ യാത്രക്കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു, സംഭവം ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍


എലത്തൂര്‍: കോരപ്പുഴ പാലത്തിന് മുകളില്‍ വച്ച് ട്രെയിനില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലാണ് സംഭവം. തീ കൊളുത്തിയ ശേഷം ചങ്ങലവലിച്ച യാത്രക്കാരന്‍ ഇറങ്ങി ഓടിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഏകദേശം 9:20 ഓടെയാണ് സംഭവം. ഡി 1 കോച്ചിലെ സംഭവം.യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സംഭവം ഉണ്ടാകുന്നത്. അക്രമി യുവതിക്ക് മേല്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് യാത്രക്കാര്‍ക്ക് പൊള്ളലേറ്റത്.

പരിക്കേറ്റവരെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാളുടെ നില ഗുരുതരമാണ്. ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ച ആളാണ് അക്രമം നടത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. ചങ്ങല വലിച്ച സമയത്ത് ട്രെയിനിന്റെ ഒരു ഭാഗം പാലത്തിന് മുകളിലായിരുന്നു. സംഭവത്തിന് ശേഷം എക്‌സിക്യുട്ടീവ് എസ്‌ക്പ്രസ് യാത്ര പുനരാരംഭിച്ചു.

എന്താണ് സംഭവിച്ചത് എന്നും എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നതും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇനിയും പുറത്ത് വരേണ്ടതുണ്ട്.