അപകടത്തില്‍ പെട്ടത് പ്രദേശവാസികള്‍, കാണാതായത് മുചുകുന്ന് സ്വദേശിയെ; അകലാപ്പുഴയില്‍ തിരച്ചില്‍ തുടരുന്നു (വീഡിയോ കാണാം)
കൊയിലാണ്ടി: അകലാപ്പുഴയില്‍ ഞായറാഴ്ച വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ നേരം ഇരുട്ടിയിട്ടും തുടരുന്നു. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെ മകന്‍ അഫ്‌നാസിനെയാണ് കാണാതായത്. ഇരുപത്തിരണ്ടുകാരനാണ് അഫ്‌നാസ്.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. പ്രദേശവാസികളായ നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പെട്ട മൂന്ന് പേരെയും രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നങ്ങ്യാരണ്ടി നിവേദ് (22), പുതിയോട്ടില്‍ നിയാസ് (29), ഷഹീന്‍ (19) എന്നിവരാണ് അഫ്‌നാസിന് പുറമെ വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് അഫ്‌നാസിനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കരയില്‍ നിന്ന് ഏതാണ്ട് നൂറ് മീറ്റര്‍ അകലെ വെച്ച് കൈവിട്ട് പോകുകയായിരുന്നു.
കൊയിലാണ്ടി പൊലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കൊയിലാണ്ടി തഹസില്‍ദാര്‍ മണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്.
വീഡിയോ കാണാം: