അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കൊയിലാണ്ടി: അകലാപ്പുഴയിൽ ഞായറാഴ്ച വൈകീട്ട് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെ മകന്‍ അഫ്‌നാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിരണ്ടു വയസായിരുന്നു.

വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അഫ്നാസും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഫൈബർ വള്ളമാണ് അകലാപ്പുഴയിൽ മറിഞ്ഞത്. മൂന്ന് പേരെ സമീപത്തെ ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തിയെങ്കിലും അഫ്നാസിനെ കാണാതാവുകയായിരുന്നു.

നങ്ങ്യാരണ്ടി നിവേദ് (22), പുതിയോട്ടില്‍ നിയാസ് (29), ഷഹീന്‍ (19) എന്നിവരാണ് അഫ്‌നാസിന് പുറമെ വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.

കൊയിലാണ്ടി പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും മണിക്കൂറുകളായി പുഴയിൽ തിരച്ചിൽ തുടരുകയായിരുന്നു. തിരച്ചിൽ നടത്തുകയായിരുന്ന നാട്ടുകാരാണ് അൽപ്പം മുമ്പ് മൃതദേഹം കണ്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൊയിലാണ്ടി തഹസില്‍ദാര്‍ മണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു.

വീഡിയോ കാണാം:

summary: body of missing youngster in akalappuzha after overturning of fiber boat found. breaking news