ഒരുകാലത്ത് കൊയിലാണ്ടിക്കാരുടെ സ്വര്‍ണമോഹങ്ങള്‍ക്ക് തിളക്കം പകര്‍ന്ന റോളക്‌സ് ജ്വല്ലറിയുടെ ഉടമ; എ.പി ഹമീദ് ഹാജിയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ റോളക്‌സ് ജ്വല്ലറി ഉടമ എ.പി.ഹമീദ് ഹാജിയുടെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്ന്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെയുണ്ടായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞദിവസം ഇന്തോനേഷ്യയില്‍വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. എഴുപത്തിരണ്ട് വയസായിരുന്നു.

മകനൊപ്പം നാല് ദിവസം മുമ്പാണ് അദ്ദേഹം ഇന്തോനേഷ്യയില്‍ ബിസിനസ് ആവശ്യത്തിനായി പോയത്. മകന്‍ അവിടെ നിന്നും കുവൈറ്റിലേക്ക് പോയി. ഇതിന് ശേഷമാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ വന്നതും മരണം സംഭവിച്ചതും.

ഏറെക്കാലം കൊയിലാണ്ടിക്കാര്‍ സ്വര്‍ണാഭരണങ്ങള്‍ക്കായി ആശ്രയിച്ചിരുന്ന റോളക്‌സ് ജ്വല്ലറിയുടെ ഉടമയെന്ന നിലയിലാണ് ഹമീദ് ഹാജി ഏവര്‍ക്കും സുപരിചിതനായത്. പിന്നീട് ഈ ജ്വല്ലറി പൂട്ടിയെങ്കിലും ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ പാട്‌നര്‍ എന്ന നലയില്‍ അദ്ദേഹം ഇപ്പോഴും സ്വര്‍ണ്ണാഭരണ ബിസിനസ് രംഗത്ത് സജീവമാണ്.

പ്രവാസി ലീഗിന്റെ പ്രസിഡന്റായിരുന്നു. ദുബൈയില്‍ പ്രവാസിയായി ഏറെക്കാലം ജീവിച്ച അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി റോളക്‌സ് ജ്വല്ലറിയ്ക്ക് തുടക്കമിടുകയായിരുന്നു. മെയിന്‍ റോഡില്‍ ബസ് സ്റ്റാന്റിന് അടുത്തായി ആയിരുന്നു ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നത്.

മരണവാര്‍ത്ത അറിഞ്ഞതോടെ ബന്ധുക്കള്‍ ഇന്തോനേഷ്യയിലേക്ക് തിരിച്ചിട്ടുണ്ട്.

ഭാര്യമാര്‍: നസീമ, പരേതയായ അസ്മ.
മക്കള്‍: സുലേഖ, ഹംനാസ്, അജ്നാസ്, അഫ്ജാസ്.
മരുമക്കള്‍: ഷഫ്രീന്‍, റുബിയത്ത് ഷെല്ലി, അഞ്ജല അഷറഫ്, ഫാത്തിമ സുമിന.


Related News: കൊയിലാണ്ടിയിലെ റോളക്‌സ് ജ്വല്ലറി ഉടമ എ.പി.ഹമീദ് ഇന്തോനേഷ്യയില്‍ അന്തരിച്ചു