വയനാട് പുല്‍പ്പള്ളിയിലെ കര്‍ഷകന്റെ ആത്മഹത്യ: കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം കസ്റ്റഡിയില്‍


പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാമിനെയാണ് പൊലീസ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുത്തത്.

പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്പ്പാ തട്ടിപ്പിനിരയായ കര്‍ഷകന്‍ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്‍ (60) ആണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. രാജേന്ദ്രന്‍ വായ്പ്പാ തട്ടിപ്പിനിരയായ ബാങ്കിന്റെ മുന്‍ പ്രസിഡന്റാണ് കസ്റ്റഡിയിലായ കെ.കെ.അബ്രഹാം. തട്ടിപ്പ് നടക്കുന്ന സമയത്ത് അബ്രഹാമായിരുന്നു ബാങ്ക് പ്രസിഡന്റ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

അതേസമയം, ബാങ്കില്‍ നടന്ന വായ്പത്തട്ടിപ്പിനിരയാണ് രാജേന്ദ്രനെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാല്‍, ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാമിന്റെ നേതൃത്വത്തില്‍ രാജേന്ദ്രന്റെ പേരില്‍ വന്‍തുക കൈപ്പറ്റുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തുക തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍നിന്ന് രാജേന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

രാജേന്ദ്രന്റെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അബ്രഹാമിനെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനായാണ് അബ്രഹാമിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.