‘വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ഇന്ധന സെസ് പിന്‍വലിക്കുക’; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഇത്തവണത്തെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസ് പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഏപ്രില്‍ ആദ്യ ആഴ്ച സമരം നടത്തുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ഷങ്ങളായി ഒരു രൂപയാണ്. ഈ വര്‍ഷം മാര്‍ച്ച് 31 ന് മുമ്പായി ഇത് അഞ്ച് രൂപയായി ഉയര്‍ത്തണം എന്നാണ് ബസ് ഉടമകളുടെ ആവശ്യം.
ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിലൂടെ ഡീസലിന് രണ്ട് രൂപയാണ് അധികമായി നല്‍കേണ്ടി വരിക. ഡീസലിന് ഇനിയും രണ്ട് രൂപ കൂടി അധികമായി നല്‍കേണ്ടി വന്നാല്‍ ബസ് വ്യവസായം നിലച്ച് പോകുമെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു.
അതേസമയം ബസ് സര്‍വ്വീസ് നടത്തിയാലും ഇല്ലെങ്കിലും ബസ് ഉടമകള്‍ നികുതി അടയ്ക്കണം. ഏപ്രില്‍ ഒന്ന് മുതല്‍ നികുതി അടയ്ക്കാതെ നില്‍ക്കാനുള്ള ഫോറം ജി സര്‍ക്കാറില്‍ കൊടുക്കാനാണ് തീരുമാനം. എല്ലാ ബസ് ഉടമകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ഏപ്രില്‍ മാസം ബസ് സര്‍വ്വീസ് ഉണ്ടാകില്ല എന്ന് ഉറപ്പായി.
‘ജീവന് വേണ്ടിയുള്ള സമരമാണ് ഇത്. സമരം പ്രഖ്യാപിക്കാനൊന്നും ഞങ്ങള്‍ പ്രാപ്തരല്ല. ഒന്നോ രണ്ടോ മുതലാളിമാര്‍ ഉണ്ടാകും. എന്നാല്‍ സ്വകാര്യ ബസ് വ്യവസായത്തിലൂടെ ജീവിക്കുന്ന നിരവധി സാധാരണക്കാരുണ്ട്. എവിടെങ്കിലും പോയി ഭരിക്കാനല്ല ഞങ്ങളുടെ ശ്രമം.’ -സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏപ്രിലിലെ സമരത്തിന് മുന്നോടിയായി ഫെബ്രുവരി 28 ന് എല്ലാ ജില്ലാ കളക്ടറേറ്റുകളിലും പ്രതിഷേധ ധര്‍ണയും മാര്‍ച്ചും നടത്താനും സംഘടന തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് കൂടി പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസ് ഉടമകള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
രണ്ടുരൂപ സെസിലൂടെ പ്രതിദിനം 150-200 രൂപ ബാധ്യത ഓരോ ബസിനും ഉണ്ടാകുമെന്നും പ്രതിമാസം 3000-6000 രൂപ വരെ നഷ്ടമാണെന്നുമാണ് ബസ് ഉടമകള്‍ പറയുന്നത്. അതേസമയം, പ്രതിഷേധം ഉയരുമ്പോഴും സെസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇന്ധന സെസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തിയിരുന്നു.