”മുന്നൂറ്റാ, മുന്നൂറ്റാ…’ വിളിയ്ക്ക് പിന്നാലെ വില്‍ക്കളിയുടെ അകമ്പടിയോടെ മുന്നൂറ്റനെത്തി, തിറയാട്ടത്തിനുശേഷം ആനയെ ആവശ്യപ്പെട്ടു; അവിസ്മരണീയ കാഴ്ചയായി എളമ്പിലാട്ട് ക്ഷേത്രത്തിലെ ആന പിടുത്തം


മേപ്പയൂര്‍: കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാത്രിയില്‍ പടിക്കല്‍ എഴുന്നള്ളിപ്പിനുശേഷം ക്ഷേത്ര ഊരാള കുടുംബത്തിലെ മുതിര്‍ന്ന അംഗം തറോല്‍ കൃഷ്ണന്‍ അടിയോടിയാണ് ഉച്ചത്തില്‍ ആന പിടുത്ത ചടങ്ങിന്റെ തുടക്കമെന്നോണം ‘മുന്നൂറ്റാ, മുന്നൂറ്റാ…….. ‘ എന്നു വിളിച്ചത്. തുടര്‍ന്ന് തിറക്കായി പരദേവത പുറപ്പെട്ടു.

ആയോധനകലയില്‍ പ്രാവീണ്യം നേടിയ വേട്ടുവ കുറുപ്പന്മാരുടെ വില്‍ക്കളിയുടെ അകമ്പടിയോടെ ചൂട്ട് വെളിച്ചത്തില്‍ തിളങ്ങുന്ന മുന്നൂറ്റന്‍ മേളങ്ങളുടെ അകമ്പടിയോടെ പടി മുറ്റത്തെത്തിയതോടെ തിറ തുടങ്ങി. തിറയുടെ മേളങ്ങളും പൂത്തിരിയുടെ വര്‍ണ്ണ പ്രഭയില്‍ വെള്ളിക്കിരീടമണിഞ്ഞ് വാളും പരിചയും വീശിയുള്ള മുന്നൂറ്റന്റ നൃത്തവും നയനാനന്ദകരമായി.

ഒരു മണിക്കൂര്‍ നീണ്ട തിറയുടെ അവസാനത്തില്‍ പരദേവത ആനയെ ആവശ്യപ്പെട്ടു. അപ്പൊഴേക്കും ക്ഷേത്ര ഭാരവാഹികള്‍ ആനയെ പടി മുറ്റത്തിന് സമീപമെത്തിച്ചിരുന്നു. തുടര്‍ന്ന് ആനയുടെ മുമ്പില്‍ നിന്ന് മേളത്തിനൊത്ത് വാളും പരിചയും വീശി നൃത്തം ചെയ്ത ശേഷം കൊമ്പില്‍ പിടിച്ച് പരദേവത ആനയെ പടിക്കലെ തിരുമുമ്പിലേക്ക് കൊണ്ട് വന്നു. പിന്നീട് ആനയ്ക്ക് ശര്‍ക്കരയും പഴവും നല്‍കി.

ആന പരദേവതയ്ക്ക് മുന്നില്‍ ശിരസ്സ് നമിച്ചു കൊണ്ട് തിരിച്ചു പോയി. ആന പിടുത്തവും തിറയും കാണാന്‍ സ്ത്രീകളടക്കം ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എളമ്പിലാട്ട് ക്ഷേത്രാങ്കണത്തിലെത്തിയിരുന്നു.

വീഡിയോ കാണാം: