നടുവണ്ണൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ക്രൂരമായി മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍
നടുവണ്ണൂര്‍: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അജ്‍വ ബസ്സിലെ ജീവനക്കാരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റാന്റിനുള്ളില്‍ കയറ്റാതെ ബസ് ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ റോഡരികില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് ഹോം ഗാര്‍ഡിനെ ഇവര്‍ മര്‍ദ്ദിച്ചത്.
വെള്ളിയാഴ്ച വൈകീട്ടാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന അജ്‍വ ബസ് നടുവണ്ണൂരിലെത്തിയപ്പോള്‍ റോഡരികില്‍ നിര്‍ത്തി ആളെ കയറ്റി. ഇതോടെ റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. ഗതാഗത തടസം പരിഹരിക്കാനായി ബസ് സ്റ്റാന്റിലേക്ക് കയറ്റാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ ഹോം ഗാര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് ജീവനക്കാര്‍ ഹോം ഗാര്‍ഡിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. നാട്ടുകാര്‍ ഇടപെട്ടാണ് ബസ് ജീവനക്കാരെ പിടിച്ച് മാറ്റിയത്. ഹോം ഗാര്‍ഡായ പറമ്പിന്‍മുകള്‍ സ്വദേശി സുധാകരന്റെ പരാതിയിലാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്.
അജ്‍വ ബസ്സിലെ ജീവനക്കാരായ പെരുവണ്ണാമൂഴി സ്വദേശി ടി.റിജില്‍, പേരാമ്പ്ര സ്വദേശി തിരുവോത്ത് പി.എം.അര്‍ജുന്‍, കുറ്റ്യാടി സ്വദേശി ഉണ്ണികൃഷ്ണന്‍, കാവിലും പാറ സ്വദേശി സോനു വിജയന്‍, ചക്കിട്ടപാറ സ്വദേശി അഭിജിത് കക്കുടുമ്പില്‍ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ ടൗണില്‍ ബസ്സുകള്‍ സ്റ്റാന്റിനുള്ളില്‍ കയറ്റിയേ നിര്‍ത്താന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദേശമുണ്ടെങ്കിലും പല ബസ് ജീവനക്കാരും ഇത് പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.