മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കാനുമായി മോഷണം; കോഴിക്കോട് നഗരമധ്യത്തില്‍ മോഷണം നടത്തിയ വെങ്ങളം കാട്ടിലപ്പീടിക സ്വദേശിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍
കോഴിക്കോട്: പട്ടാപ്പകല്‍ മോഷണം നടത്തിയ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ കാട്ടിലപ്പീടിക സ്വദേശി അഭിനവ് (സച്ചു) ആണ് അറസ്റ്റിലായത്. ഒക്ടോബറിലാണ് കേസിന് ആസ്പദമായ മോഷണം ഇയാള്‍ നടത്തിയത്.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലില്‍ മോഷണം നടത്തിയ കേസിലാണ് അഭിനവ് അറസ്റ്റിലായത്. തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാനും ആഡംബരജീവിതം നയിക്കാനുമായി പണമുണ്ടാക്കാനാണ് മോഷണം നടത്തിയത് എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അഭിനവ് മോഷണം നടത്തിയിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കടയില്‍ കയറി സാധനങ്ങളുടെ വില ചോദിച്ച് കടക്കാരന്റെ ശ്രദ്ധ തിരിക്കും. ഈ സമയത്താണ് പ്രതി മോഷണം നടത്തുക.
അഭിനവ് നടത്തിയ പല മോഷണങ്ങളും പിടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ അതെല്ലാം ഒത്തുതീര്‍ക്കുകയായിരുന്നു. അഭിനവിന്റെ പ്രായം ഉള്‍പ്പെടെ പരിഗണിച്ചാണ് മോഷണത്തിന് ഇരയാക്കപ്പെട്ടവര്‍ ഒത്തുതീര്‍ക്കാന്‍ തയ്യാറായത്.
കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള ഹോട്ടലില്‍ നടന്ന പിടിച്ചുപറിയിലാണ് യുവാവ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെയും ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷിന്റെയും നേതൃത്വത്തില്‍ കസബ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അഭിവനവ് അറസ്റ്റിലായിരിക്കുന്നത്.