കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത; കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു നാളെ മുതല്‍ അക്കൗണ്ടിലെത്തും- നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായുള്ള പിഎം കിസാന്‍ സമ്മാന്‍ നിധി പ്രകാരമുള്ള ധനസഹായത്തിന്റെ അടുത്ത ഗഡു ഫെബ്രുവരി നാളെ മുതല്‍ അക്കൗണ്ടിലെത്തി തുടങ്ങും. പദ്ധതിയുടെ 13മത്തെ ഗഡുവായ 2000 രൂപയാണ് ലഭിക്കുക.
ഫെബ്രുവരി 27ന് വൈകുന്നേരം മൂന്നുമണിക്ക് പതിമൂന്നാം ഗഡു വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി കര്‍ണാടകയില്‍ നിര്‍വഹിക്കുമെന്ന് കേന്ദ്രകൃഷി മന്ത്രി അറിയിച്ചു.
പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിപ്രകാരം ഒരു കര്‍ഷകന് വര്‍ഷം തോറും 6000 രൂപയാണ് ധനസഹായം ലഭിക്കുന്നത്. 3-4 മാസം കൂടുമ്പോള്‍ 2000 രൂപ ഗഡുക്കളായാണ് ഈ തുക കര്‍ഷകന് ലഭിക്കുക. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്.
ധനസഹായം ലഭിക്കാന്‍ കര്‍ഷകര്‍ തങ്ങളുടെ ഇ-കെവൈസി വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കണം. രജിസ്ട്രേഷനില്‍ പിശകുകളൊന്നുമില്ലാത്ത കര്‍ഷകര്‍ക്ക് 13-ാമത്തെ ഗഡു ലഭിക്കും.
ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാത്ത കര്‍ഷകരോട് അവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എങ്കില്‍ മാത്രമെ ധനസഹായം ലഭിക്കുകയുള്ളു.
ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുന്നത് എങ്ങനെ?
പിഎം കിസാന്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
ഹോംപേജിലെ വലത് വശത്തുള്ള ഇ-കെവൈസി ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ആധാര്‍ കാര്‍ഡ് നമ്പരും, കാപ്ച കോഡും ടൈപ്പ് ചെയ്യുക.
ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യുക.
നിങ്ങളുടെ ഫോണ്‍ നമ്പരിലേക്ക് എത്തുന്ന ഒടിപി ടൈപ്പ് ചെയ്യുക
ഈ വിവരങ്ങളെല്ലാം നല്‍കി ഇ-കെവൈസി നടപടികള്‍ പൂര്‍ത്തികരിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കിയതില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആധാര്‍ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക രംഗങ്ങളുടെ നട്ടെല്ലായ കര്‍ഷക കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാന്‍ പദ്ധതി ആരംഭിച്ചത്. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തത്. ഇതിനകം 12 ഗഡുക്കളായി 24,000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്.