ഒത്തുകൂടാനുള്ള സ്ഥലം മാലിന്യ സംഭരണ കേന്ദ്രമാക്കാന്‍ അനുവദിക്കില്ല; അരിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ രാപ്പകല്‍ ഇരുപ്പ് സമരം ആരംഭിച്ച് പ്രദേശവാസികള്‍


അരിക്കുളം: സാംസ്‌ക്കാരിക പരിപാടികള്‍ നടത്തുന്ന സ്ഥലത്ത് അരിക്കുളം ഗ്രാമ പഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തില്‍. പ്രശ്‌ന പരിഹാരത്തിന് ആര്‍.ഡി.ഒ. വിളിച്ചു ചേര്‍ത്ത യോഗം പരാജയപ്പെട്ടതോടെ പ്രദേശവാസികള്‍ രാപ്പകല്‍ ഇരുപ്പ് സമരം ആരംഭിച്ചിരിക്കുകയാണ്.

മാലിന്യസംഭരണ കേന്ദ്രം തുടങ്ങാന്‍ ഭരണ സമിതി തീരുമാനിച്ച സ്ഥലത്താണ് പ്രദേശവാസികള്‍ സമരം നടത്തുന്നത്. വര്‍ഷങ്ങളായി ജനങ്ങള്‍ കായിക വിനോദത്തിലേര്‍പ്പെടുന്നതും കലാ സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നതുമായ കനാല്‍ പുറമ്പോക്ക് സ്ഥലത്താണ് മാലിന്യസംഭരണ കേന്ദ്രം തുടങ്ങാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടുള്ളത്.

അരിക്കുളത്തെ നാല് വാര്‍ഡുകളിലുള്ളവര്‍ക്ക് ഒത്തുകൂടാന്‍ മറ്റൊരു സ്ഥലമില്ലെന്നിരിക്കെ യാതൊരു കാരണവശാലും കേന്ദ്രം ആരംഭിക്കാന്‍ അനുവദിക്കില്ലെന്നാണ് സമരസമിതിയുടെ തീരുമാനം. എന്നാല്‍ അവിടെത്തന്നെ എം.സി.എഫ്.സി. തുടങ്ങുമെന്ന് ഭരണ സമിതിയും നിലപാട് എടുത്തതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.

പഞ്ചായത്തില്‍ അനുയോജ്യമായ മറ്റു സ്ഥലങ്ങള്‍ ഉണ്ടെന്നും അത് വില കൊടുത്തു വാങ്ങാനുള്ള ധനസമാഹരണ യജ്ഞത്തില്‍ കര്‍മസമിതി മുന്നിട്ടിറങ്ങാമെന്നും സമരസമിതി നിര്‍ദ്ദേശം വെച്ചെങ്കിലും ഭരണ സമിതി അത് അംഗീകരിച്ചില്ല. ജലസേചനവകുപ്പ് താത്ക്കാലികമായാണ് അഞ്ച് സെന്റ് സ്ഥലം പഞ്ചായത്തിന് വിട്ടു കൊടുത്തത്. ഇവിടെ താത്ക്കാലികമായി കെട്ടിടം പണിയാമെന്നും തിരികെ ചോദിക്കുമ്പോള്‍ വിട്ടു തരണമെന്നും ജലസേചന വകുപ്പിന്റെ കൈമാറ്റ ഉത്തരവില്‍ പറയുന്നുണ്ട്.