ചരിത്ര വിജയത്തിന്റെ പൊന്‍തൂവലുമായി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യോളി; എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികള്‍ക്കും തിളക്കമാര്‍ന്ന വിജയം
പയ്യോളി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ചരിത്ര നേട്ടവുമായി പയ്യോളിയിലെ തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഇത്തവണ പരീക്ഷ എഴുതിയ നൂറ് ശതമാനം വിദ്യാര്‍ത്ഥികളും വിജയം കൈവരിച്ചപ്പോള്‍ അതില്‍ 150 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ആകെ 750 വിദ്യാര്‍ത്ഥികളാണ് 2022-2023 അധ്യയന വര്‍ഷത്തില്‍ പരീക്ഷ എഴുതിയത്. ഇത്രയധികം വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കായി സജ്ജരാക്കി മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച ചരിത്ര നേട്ടമാണ് സ്‌കൂള്‍ ഇത്തവണ കരസ്ഥമാക്കിയത്. 36 വിദ്യാര്‍ത്ഥികള്‍ ഒമ്പത് എ പ്ലസ് നേടിയും വിജയിച്ചു.
കഴിഞ്ഞ വര്‍ഷം 721 വിദ്യാര്‍ത്ഥികളാണ് പയ്യോളിയിലെ തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇവരില്‍ 719 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ഇത് തിരുത്തിക്കുറിച്ചുകൊണ്ടാണ് ഇത്തവണ സ്‌കൂള്‍ നൂറുമേനി വിജയം കൈവരിച്ചത്.
സംസ്ഥാനത്ത് ഇത്തവണ 99.7 ശതമാനമാണ് എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.
68604 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്.