തിക്കോടിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റ് മരിച്ചു


തിക്കോടി: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍.സി.പി നേതാവ് മരിച്ചു. എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റും തിക്കോടി ടൗണിലെ വ്യാപാരിയുമായ തിക്കോടി കാട്ടുവയലില്‍ കെ.വി.നാണു ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രില്‍ മരിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. തിക്കോടി അടിപ്പാതാ കര്‍മ്മസമിതിയുടെ യോഗം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്നു നാണു. തിക്കോടി ടൗണില്‍ വച്ച് ദേശീയപാത മുറിച്ച് കടക്കവെയാണ് അദ്ദേഹത്തെ സ്‌കൂട്ടര്‍ ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ നാണു ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

പുഷ്പയാണ് ഭാര്യ. നിധിലേഷ്, നിതേഷ് (ദുബായ്), നീതു എന്നിവര്‍ മക്കളാണ്. മരുമകന്‍ ഷാനുറാം.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സംസ്‌കരിക്കും.