കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി അറസ്റ്റില്‍; അറസ്റ്റ് പന്തീരാങ്കാവ് സ്വദേശിയുടെ പരാതിയില്‍


കൊച്ചി: കെ.പി.സി.സി പ്രസിഡന്റും കണ്ണൂര്‍ എം.പിയുമായ കെ.സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്തത്. കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു.

കെ.പി.സി.സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേസിലെ രണ്ടാം പ്രതിയായ കെ.സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ച് രാവിലെ പതിനൊന്ന് മണി മുതലായിരുന്നു ചോദ്യം ചെയ്യല്‍. അറസ്റ്റ് വേണ്ടി വന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാന്‍ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പന്തീരാങ്കാവ് സ്വദേശി എം.ടി.ഷമീര്‍ നല്‍കിയ പരാതിയിലാണ് കെ.സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുധാകരന്‍ മോന്‍സന്റെ കയ്യില്‍ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി.

ഗള്‍ഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ മോന്‍സനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി പരാതിക്കാരെ മോന്‍സന്‍ വിശ്വസിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നത്. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന ഈ തുക പിന്‍വലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞു മോന്‍സന്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി.

2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ചു സുധാകരന്‍ ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നല്‍കിയെന്നും ഈ വിശ്വാസത്തിലാണു മോന്‍സനു പണം നല്‍കിയതെന്നാണു പരാതിക്കാരുടെ ആരോപണം.