ലക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍, പ്രീമിയം വെറും 510 രൂപ; മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സഹകരണ സംഘങ്ങള്‍ വഴി ചേരാം, വിശദാംശങ്ങള്‍


കൊയിലാണ്ടി: 2023-24 സാമ്പത്തിക വര്‍ഷം മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ക്കായി അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. ഏപ്രില്‍ ഒന്നുമുതല്‍ 2024 മാര്‍ച്ച് മൂന്ന് വരെയാണ് പദ്ധതി കാലയളവ്.

510 രൂപ പ്രീമിയം അടച്ച് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴി പദ്ധതിയില്‍ ചേരാം. 18നും 70നും ഇടയില്‍ പ്രായമുള്ള പ്രാഥമിക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍, സ്വയംസഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ (വനിതകള്‍ ഉള്‍പ്പെടെ), പ്രാഥമിക സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് മാര്‍ച്ച് 30 വരെ പദ്ധതിയില്‍ അംഗങ്ങളായി ചേരാം.

പോളിസി പ്രകാരം അപകടമരണത്തിനുള്ള നഷ്ടപരിഹാര തുക 10 ലക്ഷം രൂപയാണ്. ദ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അപകടംമൂലം പൂര്‍ണമായി അംഗവൈകല്യം ഉണ്ടായാലും 10 ലക്ഷം രൂപ ലഭിക്കും.

ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശിപാര്‍ശ അനുസരിച്ച് പരമാവധി അഞ്ച് ലക്ഷം രൂപവരെ ലഭിക്കും. ആശുപത്രിയില്‍ പ്രവേശിച്ചാല്‍ അംഗവൈകല്യത്തിലേക്ക് നയിക്കുന്ന കേസുകളില്‍ ആശുപത്രി ചെലവായി പരമാവധി രണ്ടുലക്ഷം രൂപവരെ ചികിത്സ ചെലവിനത്തില്‍ ലഭിക്കും.

മരണമുണ്ടായാല്‍ മൃതദേഹം ആശുപത്രിയില്‍നിന്ന് വീട്ടില്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ചാര്‍ജായി 2500 രൂപവരെ നല്‍കും. മരിച്ച മത്സ്യത്തൊഴിലാളിക്ക് 25 വയസ്സിന് താഴെ പ്രായമുള്ള മക്കളുള്ള പക്ഷം പഠന ചെലവിലേക്കായി ഒരാള്‍ക്ക് 5000 രൂപ ക്രമത്തില്‍ രണ്ട് കുട്ടികള്‍ക്ക് വരെ പരമാവധി 10,000 രൂപ കുടുംബത്തിന് ധനസഹായമായി ഒറ്റത്തവണത്തേക്ക് നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: ജില്ല ഓഫിസ് – 9526041062, 9526041158, ക്ലസ്റ്റര്‍ ഓഫിസുകള്‍ – 9400484048, 9745388468, 9947130376, 9526041330.