തിക്കോടി എഫ്.സി.ഐയിൽ നിന്ന് അരിയുമായി പോയ ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ്: നന്തി സ്വദേശിയായ പ്രധാനപ്രതിയെ പിടികൂടി കൊയിലാണ്ടി പൊലീസ്


കൊയിലാണ്ടി: തിക്കോടി എഫ്.സി.ഐയിൽ നിന്ന് അരിയുമായി പോവുകയായിരുന്ന ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. നന്തി കുറൂളി കുനി വിപിനെയാണ് (32, ഉടു) അതിവിദഗ്ധമായ നീക്കത്തിലൂടെ കൊയിലാണ്ടി പൊലീസ് വലയിലാക്കിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് തിക്കോടി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗോഡൗണിൽ നിന്ന് അരിയുമായി പോവുകയായിരുന്ന ലോറിയെ ബൈക്കിൽ പിന്തുടർന്നാണ് രണ്ട് പ്രതികൾ ആക്രമിച്ചത്. കുറുവങ്ങാട് മാവിൻചുവട്ടിൽ വച്ചായിരുന്നു സംഭവം. കരിങ്കല്ല് കൊണ്ട് ലോറിയുടെ ചില്ല് എറിഞ്ഞു തകർത്താണ് പ്രതികൾ ഡ്രൈവറെ വധിക്കാൻ ശ്രമിച്ചത്.

പരിക്കേറ്റ ലോറി ഡ്രൈവർ മുഹമ്മദ് നിസാറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ നെഞ്ചിൽ ചില്ലുകൾ തുളച്ചു കയറിയിട്ടുണ്ട്. സംഭവത്തിൽ കൂട്ടുപ്രതിയായ രോഹിത്തിനെ (27, കോഴി) പൊലീസ് തിരയുകയാണ്.

തന്ത്രപരമായ നീക്കത്തിലൂടെയാണ് വിപിനെ പൊലീസ് പിടികൂടിയത്. രോഹിത്ത് എവിടെയാണെന്നത് സംബന്ധിച്ച വ്യക്തമായ സൂചന ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണ്. അറസ്റ്റിലായ വിപിനെ കോടതിയിൽ ഹാജരാക്കി.

സി.ഐ കെ.സി.സുബാഷ് ബാബു, എസ്.ഐമാരായ എം.പി.ശൈലേഷ്, അനീഷ്, എ.എസ്.ഐമാരായ രമേശൻ, എസ്.സി.പി.ഒ ഗംഗേഷ്, സിനുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്.