പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; രണ്ട് വയസുകാരി മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍


പയ്യോളി: പയ്യോളിയില്‍ ഇന്ന് വൈകീട്ട് ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കറ്റേരി പാലത്തിന് സമീപം ശ്രീനിലയത്തില്‍ ഗായത്രിയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഗായത്രിയുടെ മകള്‍ രണ്ട് വയസുള്ള ആരോഹിയെ പരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് 3:40 ഓടെയാണ് സംഭവം. പയ്യോളി റെയില്‍വേ സ്‌റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയില്‍ വച്ച് രാജധാനി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. ഗായത്രിയുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു.

അപകട സമയത്ത് ഗായത്രിയുടെ കയ്യിലായിരുന്നു മകള്‍ ആരോഹി ഉണ്ടായിരുന്നത്. ട്രെയിന്‍ ഇടിച്ച ആഘാതത്തില്‍ കുഞ്ഞ് തെറിച്ച് പോകുകയായിരുന്നു. കുട്ടിയെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ശ്രീനിലയത്തില്‍ ശ്രീധരന്റെയും സരോജിനിയുടെയും മകളാണ് ഗായത്രി. മണിയൂര്‍ എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറായ ഇരിങ്ങത്ത് കുലുപ്പ മലോല്‍ താഴെ ആശാരിക്കണ്ടി സനീഷ് ആണ് ഭര്‍ത്താവ്. സഹോദരി പയ്യോളി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ അഞ്ജലി.

പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.