വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി ഡിസംബർ 18 വരെ നീട്ടി; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (08/12/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന 2022-23 ലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജല കുള നിര്‍മ്മാണം, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യകൃഷി, ബയോ ഫ്ലോക്ക്, മോട്ടോര്‍ സൈക്കിളും ഐസ് ബോക്‌സും, ത്രീവീലറും ഐസ് ബോക്‌സും, പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് വള്ളവും വലയും തുടങ്ങിയ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ ഡിസംബർ 17-ന് വെെകീട്ട് അഞ്ച് മണിക്കകം വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2381430

ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടൂ പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.17 നും 35 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. അപേക്ഷകൾ ഡിസംബര്‍ 12 നകം പ്രിന്‍സിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04734296496,
8547126028.

നിർമ്മാണ തൊഴിലാളി പെൻഷൻ: ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ (മെമ്പര്‍ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, അവശതാ പെന്‍ഷന്‍, സാന്ത്വന പെന്‍ഷന്‍) ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ 2023 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുന്നതിലേക്കായി ഗസറ്റഡ് ഓഫീസറോ, മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2365553.

ബേപ്പൂർ വാട്ടർ ഫെസ്റ്റ് : പ്രചരണത്തിനായി നാളെ (ഡിസംബർ 9) വിവിധ പരിപാടികൾ

ഡിസംബർ 24 മുതൽ 28 വരെ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഫെയ്സ് ആർട്ട്, സ്റ്റോൺ ആർട്ട്, മെഹന്തി തുടങ്ങിയവയാണ് നടത്തുന്നത്. ബേപ്പൂർ പുലിമുട്ടിൽ നാളെ (ഡിസംബർ 9 ) വൈകീട്ട് മൂന്ന് മണിക്കാണ് പരിപാടി.

ചടങ്ങിൽ കൗൺസിലർമാരായ കെ രാജീവ്, ടി. രജനി, ഗിരിജ ടീച്ചർ, ബേപ്പൂർ വാട്ടർഫെസ്റ്റിന്റെ സംഘാടക സമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തീര ജനസമ്പര്‍ക്ക സഭകള്‍: ആദ്യ അദാലത്ത് നാളെ (ഡിസംബർ 9 )

ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തീര ജനസമ്പര്‍ക്കസഭാ പരാതി പരിഹാര അദാലത്തിലെ ആദ്യ അദാലത്ത് നാളെ (ഡിസംബര്‍ 9) നടക്കും. രാവിലെ പത്ത് മണി മുതൽ വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപത്തുള്ള വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സിലാണ് അദാലത്ത്. അദാലത്തിൻ്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും.

തെക്കേ കടപ്പുറം മുതൽ എലത്തൂർ മത്സ്യഗ്രാമം വരെയുള്ള ഇരുനൂറോളം പരാതികളാണ് വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കുന്നത്. ഡിസംബര്‍ 16 ന് വടകര കോതി ബസാറിന് സമീപത്തെ സ്ലൈക്കോണ്‍ ഷെല്‍ട്ടറിലും ഡിസംബര്‍ 23 ന് കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസിലും ഡിസംബര്‍ 30 ന് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസിലും അദാലത്തുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

കുറ്റ്യാടി മണ്ഡലത്തിലെ നെൽവയലുകൾ കതിരണിയും; പദ്ധതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പാടങ്ങള്‍ വീണ്ടും കൃഷിയോഗ്യമാക്കാന്‍ ചെറുകിട ജലസേചന വിഭാഗം തയ്യാറാക്കിയ പദ്ധതി കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ. മുഖ്യമന്ത്രിക്ക് കൈമാറി. 61.78 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതിക്ക് അംഗീകാരം നല്‍കി, ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും എല്‍.എല്‍.എ അറിയിച്ചു. മണിയൂര്‍, വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, കുറ്റ്യാടി എന്നീ പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വടകര താലൂക്കിലെ നെല്ലറയായിട്ടാണ് ഇവ അറിയപ്പെടുന്നത്.

മുന്‍കാലങ്ങളില്‍ സമൃദ്ധമായി നെല്ല് വിളഞ്ഞ പാടശേഖരങ്ങളില്‍ പലതും ഇപ്പോള്‍ തരിശായി കിടക്കുകയാണ്. ജലദൗര്‍ലഭ്യവും വെള്ളക്കെട്ടും മൂലം പലയിടത്തും കർഷകർ കൃഷി ഉപേക്ഷിക്കുകയിരുന്നു. എം എൽ എ യുടെ ഇടപെടലിലൂടെ ഈ ഒരു പ്രശ്നത്തിന് പരിഹാരമാവുകയാണ്.

വോട്ടര്‍ പട്ടിക പുതുക്കൽ ; സമയപരിധി ഡിസംബർ 18 വരെ നീട്ടി

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിൽ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 വരെ നീട്ടി. ഈ മാസം എട്ടിന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് നീട്ടിയത്.

അര്‍ഹരായ മുഴുവൻ ആളുകളേയും ചേർക്കുന്നതിനും മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടര്‍പ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യര്‍ത്ഥിച്ചു. അവകാശങ്ങളും, ആക്ഷേപങ്ങളും സംബന്ധിച്ച് തീരുമാനമെടുത്ത് അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

സംസ്ഥാന സ്കൂൾ കലോത്സവം: “കൊട്ടും വരയും “നാളെ (ഡിസംബർ 9) ബീച്ചിൽ

സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കൊട്ടും വരയും ” പരിപാടി സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 9) വൈകിട്ട് 5.30 ന് 61 പ്രാവുകളെ പറത്തി കൊണ്ട് പൊതുമരാമത്ത് വകുപ്പ്മന്ത്രി പി. എ മുഹമ്മദ് റിയാസ് കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം നിർവഹിക്കും.

അറുപത്തിയൊന്നാം സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന പരിപാടിയിൽ 61 വിദ്യാർത്ഥികൾ ബലൂണുകളുമായി അണിനിരക്കും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എം സച്ചിൻ ദേവ് എം എൽ എ ,തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ ഉൾപ്പടെയുള്ള 61 ജനപ്രതിനിധികൾ ചടങ്ങിൻ്റെ ഭാഗമാകും.

ചിത്രകാരന്മാരും വിദ്യാർത്ഥികളും പങ്കാളികളാകുന്ന പരിപാടിയിൽ ഓപ്പൺ ക്യാൻവാസ് തയ്യാറാക്കുന്നതിനൊപ്പം കലാ മണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളും അരങ്ങേറും. വിവിധ സബ്ബ് കമ്മിറ്റി ഭാരവാഹികളും വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരും പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്ന് കൺവീനർ പി.എം മുഹമ്മദലി, ജോ. കൺവീനർ കെ.കെ ശ്രീഷു എന്നിവർ അറിയിച്ചു.

കൃഷിപാഠശാല സംഘടിപ്പിച്ചു

മേപ്പയൂരിൽ കർഷകർക്കായി കൃഷിപാഠശാല സംഘടിപ്പിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പരിശീലന ഏജന്‍സിയായ ആത്മയുടെയും മേപ്പയൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ്
പാഠശാല സംഘടിപ്പിച്ചത്. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധർ കർഷകർക്ക് ക്ലാസുകൾ എടുത്തു. പരിപാടിയോടനുബന്ധിച്ച് കർഷകർക്ക് സൗജന്യമായി ഹൈബ്രിഡ് മുളകിൻ തൈകൾ വിതരണം ചെയ്തു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ശോഭ അധ്യക്ഷത വഹിച്ചു. എ.വി. അബ്ദുള്ള, കൊളക്കണ്ടി ബാബു, കമ്മന മൊയ്ദീൻ, യു.കെ അമ്മദ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ അശ്വിനി സ്വാഗതവും ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ആതിര നന്ദിയും പറഞ്ഞു.

ദേശീയ ഉപഭോക്തൃ വാരാചരണം: വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല മത്സരങ്ങള്‍

ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിതരണ വകുപ്പ് ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 18 ന് രാവിലെ 9 മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ യു പി സ്‌ക്കൂളിലാണ് മത്സരം. ഉപഭോക്തൃ സംരക്ഷണ നിയമം, ഉപഭോക്താവിന്റെ അവകാശങ്ങള്‍, കടമകള്‍, ഹരിത ഉപഭോഗം ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ് എന്നീ വിഷയങ്ങളിലധിഷ്ഠിതമായാണ് മത്സരം.

ഉപന്യാസം, പ്രസംഗം എന്നിവയുടെ മത്സര വിഷയങ്ങള്‍ മത്സരത്തിന് 10 മിനുട്ട് മുമ്പ് നല്‍കും. ഒരാള്‍ക്ക് ഏതെങ്കിലും രണ്ടിനങ്ങളില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ 0495 2370655 എന്ന നമ്പറില്‍ ഡിസംബര്‍ 17 വൈകുന്നേരം 5 മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ 18 ന് രാവിലെ 9 മണിക്ക് സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം സഹിതം മത്സര കേന്ദ്രത്തിലെത്തണമെന്ന് ജില്ലാ സപ്ലെ ഓഫീസര്‍ അറിയിച്ചു.

കാക്കൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 – വിജയികളെ അനുമോദിച്ചു

കാക്കൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 ലെ വിജയികളെ അനുമോദിച്ചു. കാക്കൂർ വ്യാപാര ഭവനിൽ നടന്ന ചടങ്ങ് സബ് കലക്ടർ വി. ചെത്സാസിനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അധ്യക്ഷത വഹിച്ചു. വിവിധ മത്സരയിനങ്ങളിലായി വിജയിച്ച ക്ലബ്ബുകളെയും വ്യക്തികളെയും ചടങ്ങിൽ അനുമോദിച്ചു.

വൈസ് പ്രസിഡന്റ് നിഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജൂന, ഷാജി മംഗലശ്ശേരി, സി. സി കൃഷ്ണൻ, വി. സിദ്ധിഖ്, യൂത്ത് കോഡിനേറ്റർ ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു.

യൂത്ത് ക്ലബ്ബുകൾക്ക് അവാർഡ്; അപേക്ഷ ക്ഷണിച്ചു

യുവജന ക്ഷേമ കായിക മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന യൂത്ത് ക്ലബ്ബുകൾക്ക് നെഹ്‌റു യുവ കേന്ദ്ര ഏർപ്പെടുത്തിയ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, കുടുംബക്ഷേമം, ശുചീകരണ – ശ്രമദാന പ്രവർത്തനം, തൊഴിൽ പരിശീലനം, നൈപുണ്യപരിശീലനം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം,സാക്ഷരതാ -വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമ പ്രവർത്തനം,ദേശീയ അന്തർദേശീയ ദിനാചരണങ്ങൾ, ബോധവത്കരണം തുടങ്ങിയ മേഖലകളിൽ 2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അർഹരായവരെ തിരഞ്ഞെടുക്കുക. ജില്ലാ കലക്ടർ ചെയർമാനായുള്ള സമിതിയാണ് ക്ലബ്ബിനെ തെരഞ്ഞെടുക്കുന്നത്.

ജില്ലാതല അവാർഡിന് അർഹരാവുന്ന യൂത്ത് ക്ലബിന് 25000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. കൂടാതെ 75000 രൂപയുടെ സംസ്ഥാന തല അവാർഡിനായി നാമനിർദ്ദേശവും ചെയ്യും. സംസ്ഥാന അവർഡ് നേടിയാൽ ക്ലബ്ബിനെ ദേശീയ അവാർഡിന് പരിഗണിക്കും. ദേശീയ തലത്തിൽ 3 ലക്ഷം, 1 ലക്ഷം, 50,000 രൂപ എന്ന ക്രമത്തിൽ മൂന്ന് അവാർഡുകളാണ് ഉള്ളത്.

ജില്ലാ തല അവാർഡിന് സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റർചെയ്തതും കോഴിക്കോട് നെഹ്‌റു യുവ കേന്ദ്രത്തിൽ അഫിലിയേറ്റ് ചെയ്തതുമായ യൂത്ത് ക്ലബ്ബുകൾക്ക് അപേക്ഷിക്കാം.കഴിഞ്ഞ 2 വർഷങ്ങളിൽ അവാർഡ് ലഭിച്ചവർ അപേക്ഷ നൽകേണ്ടതില്ല.

നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ പരിപാടികളുടെ റിപ്പോർട്ട്, ഫോട്ടോ, പത്രകട്ടിങ്ങുകൾ, ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകൾ എന്നിവ സഹിതം ഡിസംബർ 11നകം ജില്ലാ യൂത്ത് ഓഫീസർ, നെഹ്‌റു യുവ കേന്ദ്ര, സിവിൽസ്റ്റേഷൻ , കോഴിക്കോട് 20 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോഴിക്കോട് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്: 0495 2371891, 9447752234 .

അറിവാണ് ലഹരി: ക്വിസ് പ്രസ് ഉത്തരമേഖലാ മത്സരം സംഘടിപ്പിച്ചു

അറിവാണ് ലഹരി എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി ഹയര്‍ സെക്കന്ററി,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്നോത്തരി ഉത്തരമേഖലാ മത്സരം മടപ്പള്ളി ഗവ. കോളേജില്‍ നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ അധ്യക്ഷനായി. ക്വിസ് മാസ്റ്റർ ജി.എസ് പ്രദീപ്‌ ക്വിസ് നയിച്ചു. മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടന്നു.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. ഫൈനൽ മത്സര വിജയികൾക്ക് ഒരു ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവും ഒന്നാം സമ്മാനമായി ലഭിക്കും. 50000/ രൂപയാണ് രണ്ടാം സമ്മാനം. മികവു പുലര്‍ത്തി എത്തുന്ന നാലു ടീമുകള്‍ക്ക് 10000/ രൂപ വീതം നല്‍കും. മറ്റ് രണ്ട് ടീമുകള്‍ക്ക് 5000/ രൂപ വീതവും നല്‍കും. മേഖലാതല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 10000/ രൂപയും , രണ്ടാം സമ്മാനം 5000/ രൂപയും ലഭിക്കും. കൂടാതെ സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

പരിപാടിയുടെ ഭാഗമായി ലഹരി ബോധവൽക്കരണ ക്ലാസും ഫോട്ടോ പ്രദർശനവും നടന്നു. ചലച്ചിത്ര പിന്നണിഗായകൻ വി.ടി. മുരളി ബോധവൽക്കരണ ക്ലാസ് നയിച്ചു.

മടപ്പള്ളി ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൈരളി ടിവി ന്യൂസ് എഡിറ്റർ പി.വി. കുട്ടൻ, യുവജന കമ്മീഷൻ മുൻ അംഗം ടി. പി ബിനീഷ്, കോളേജ് പ്രിൻസിപ്പൽ ഡോ. ഒ.കെ. ഉദയകുമാർ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ജിനീഷ് പി.എസ്, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സഹഫ് വി.എം, മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി പി.കെ വേലായുധൻ എന്നിവർ സംബന്ധിച്ചു.

പുത്തൻ ആശയങ്ങൾ കാത്ത് വ്യവസായ വകുപ്പ്; ഡ്രീംവെസ്റ്റർ മത്സരത്തിൽ വിജയിക്ക് ലഭിക്കുക അഞ്ച് ലക്ഷം രൂപ

പുത്തൻ ആശയങ്ങളാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ നിക്ഷേപം. ഒരു സംരംഭം തുടങ്ങാനാവശ്യമായ നൂതനാശയം മനസിലുണ്ടെങ്കില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ഡ്രീംവെസ്റ്റർ മത്സരത്തിൽ പങ്കെടുക്കാം. നവസംരംഭകര്‍ക്കും ബിസിനസ് താത്പര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായാണ് വ്യവസായ വാണിജ്യ വകുപ്പ് ‘ഡ്രീംവെസ്റ്റര്‍’ എന്ന പേരില്‍ നൂതനാശയ മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 2022-23 സംരംഭകത്വ വര്‍ഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംരംഭകത്വ വികസന സംരംഭങ്ങളുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ആശയങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍കുബേഷന്‍ സെന്ററുകളിലെ ഇന്‍കുബേഷന്‍ സ്‌പേസിലേക്കുള്ള പ്രവേശനം (ഓഫീസ് സ്‌പേസ്, ഫ്രീ വൈ-ഫൈ, ഐഡിയ ഉത്പന്നമാക്കി മാറ്റാനുള്ള സപ്പോര്‍ട്ട്), മെന്ററിങ് പിന്തുണ, സീഡ് കാപ്പിറ്റല്‍ സഹായം, വിപണിബന്ധങ്ങള്‍ എന്നീ സഹായങ്ങള്‍ ലഭിക്കും.

2022 ഡിസംബർ 23 വരെയുള്ള കാലയളവിൽ www.dreamvestor.in വെബ്സൈറ്റിലൂടെ യുവ സംരംഭകര്‍ക്ക് നിങ്ങളുടെ ആശയങ്ങൾ സമർപ്പിക്കാനുള്ള അവസരമുണ്ടാകും. ഇത് വിദഗ്ധ പാനല്‍ വിലയിരുത്തും. 18-35 വയസ്സിന് ഇടയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒരു മത്സരാർഥി ഒരു ബിസിനസ് ആശയം മാത്രമേ സമർപ്പിക്കാവൂ. നേരത്തേ അവാർഡുകൾ നേടിയ ആശയങ്ങൾ സമർപ്പിക്കരുത്.

തെരഞ്ഞെടുത്ത 100 ആശയങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തില്‍ വിശദീകരിക്കാനുള്ള അവസരം നല്‍കും. ഇതില്‍നിന്ന് തെരഞ്ഞെടുക്കുന്ന 50 ആശയങ്ങള്‍ സെമിഫൈനല്‍ റൗണ്ടിലേക്കും തുടര്‍ന്ന് മികച്ച 20 ആശയങ്ങള്‍ ഫൈനലിനായും തെരഞ്ഞെടുക്കും. മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുമാണ് സമ്മാനം. 4 മുതല്‍ 10 വരെ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതല്‍ 20 വരെ സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും ലഭിക്കും. കൂടാതെ 20 ഫൈനലിസ്റ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മെമന്‍റോകളും സമ്മാനിക്കും.

ലൈഫ് ഗുണഭോക്തൃ സംഗമം

കൊയിലാണ്ടി നഗരസഭ പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതിയുടെ ഒൻപതാമത് ഡി.പി.ആറിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ സംഗമം നടന്നു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കൊയിലാണ്ടി ഇ.എം.എസ് ടൗൺഹാളിൽ നടന്ന സംഗമത്തിൽ 80 ഗുണഭോക്താക്കൾ പങ്കെടുത്തു.

വൈസ് ചെയർമാൻ അഡ്വ. സത്യൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എ ഇന്ദിര ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ , കൗൺസിലർമാരായ വി.ഇബ്രാഹിം കുട്ടി, കെ.കെ വൈശാഖ് എന്നിവർ സംസാരിച്ചു. പി.എം. എ.വൈ എസ് ഡി.എസ് രചന വി.ആർ പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം ഓഫീസർ ഷീബ നന്ദി പറഞ്ഞു.

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്: സംസ്ഥാനതല മത്സരങ്ങള്‍ക്ക് തുടക്കമായി

മുപ്പതാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ക്ക് തുടക്കമായി. കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സില്‍ കാലിക്കറ്റ്‌ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എം. കെ. ജയരാജ് സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ലാതല മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 108 ടീമുകളാണ് ബാലശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുത്തത്. സീനിയർ വിഭാഗത്തിൽ 63 ടീമുകളും ജൂനിയർ വിഭാഗത്തിൽ 45 ടീമുകളുമാണ് പങ്കെടുത്തത്. മൊത്തം 89 പെൺകുട്ടികളും 19 ആൺകുട്ടികളും മത്സരത്തിൽ മാറ്റുരച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന 16 കുട്ടികൾക്ക് ജനുവരിയിൽ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ബാല ശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. മികച്ച രണ്ടു പ്രൊജക്റ്റുകൾ ജനുവരിയിൽ നാഗ്പൂരിൽ നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കെടുക്കും.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 10 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനോടൊപ്പം നിത്യജീവിതത്തില്‍ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം ലഭ്യമാക്കുകയാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

ചടങ്ങില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപാധ്യക്ഷനും, സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. പി. സുധീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ ഡോ പി ഹരിനാരായണൻ ദേശീയ ബാല ശാസ്ത്ര കോൺഗ്രസിനെ കുറിച്ച് വിശദീകരിച്ചു. മെമ്പർ സെക്രട്ടറി ഡോ എസ് പ്രദീപ്‌ കുമാർ സ്വാഗതവും പ്രിൻസിപ്പാൾ സയന്റിസ്റ്റ് ഡോ. എൻ.എസ്. പ്രദീപ് നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം നാളെ (ഡിസംബര്‍ 9 ന്) വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ ഉദ്ഘാടനം ചെയ്യും. ദേശീയതലത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വിതരണം ചെയ്യും.