കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു; കോഴിക്കോട് പോലീസുകാരന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം


കോഴിക്കോട്: കോട്ടയത്തെ കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെയാണ് കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്.

സര്‍ക്കാര്‍ ജീവനക്കാരന്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തില്‍ ഒന്നിലേറെ പോസ്റ്റുകള്‍ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. എം.എ.ബേബിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് അതിനെ വിമര്‍ശിക്കുകയും ഇദ്ദേഹം ചെയ്തിട്ടുണ്ട്.

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനെയും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെയും ജനങ്ങള്‍ക്ക് മനസിലായിക്കഴിഞ്ഞുവെന്നും എന്നാല്‍ അവരെ നിയമിച്ചവര്‍ ഒരിക്കലും അത് ഉള്‍ക്കൊള്ളാനാ# സാധ്യതയില്ല എന്നുമാണ് ഡിസംബര്‍ 18 ന് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നേരത്തേയും വിവാദമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിന് ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടി ഉണ്ടായിട്ടുണ്ട്.

അതേസമയം സ്ഥലം മാറ്റം സംബന്ധിച്ച വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. വാര്‍ത്തകളിലൂടെയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് വിവരം അറിഞ്ഞത്. സ്ഥലം മാറ്റ വിവരം ഔദ്യോഗികമായി കിട്ടിയിട്ട് ഇനിയുള്ള വിശേഷങ്ങള്‍ പറയാമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞതും അതിന്റെ പേരില്‍ നടപടി ഏറ്റുവാങ്ങാന്‍ കഴിഞ്ഞതും സര്‍വ്വീസ് ജീവിതത്തിലെ ഉജ്ജ്വലമായ അവസരമായി കണക്കാക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. പത്തനംതിട്ട ജില്ലയില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കിത്തന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിനും എ.ഐ.ജി ഹരിശങ്കര്‍ സാറിനും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേര്‍ത്തു.

 ഫേസ്ബുക്ക് പോസ്റ്റ്: