മിഠായി തരാമെന്നു പറഞ്ഞ് വീട്ടിലേക്ക് കൊണ്ട് പോയി ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ഏഴു വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി


കൊയിലാണ്ടി: ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. നടുവണ്ണൂർ സ്വദേശി മന്ദംകാവ് ലക്ഷം വീട് കോളനി വാസുവിനാണ് ശിക്ഷ വിധിച്ചത്. അറുപത്തിയൊന്നു വയസ്സാണ് പ്രതിക്ക്.

2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡിൽ കളിക്കുക ആയിരുന്ന കുട്ടിയെ പ്രതി വീട്ടിലേക്കു മിഠായി തരാം എന്ന് പറഞ്ഞു കൂട്ടികൊണ്ടു പോവുകയായിരുന്നു. വിളിച്ചു വരുത്തിയ ശേഷം ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. അതിനു ശേഷം വീട്ടിൽ പോയി പെൺകുട്ടി രക്ഷിതാക്കളോട് കാര്യം പറയുമ്പോഴാണ് സംഭവം അറിയുന്നത്. കുടുംബാംഗങ്ങൾ പിന്നീട് പരാതി നൽകുകയായിരുന്നു.

പ്രതിക്ക് ഏഴു വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുമാണ് പിഴ. പോക്സോ നിയമപ്രകാരവും, പട്ടികജാതി സംരക്ഷണ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പിയാണ് ശിക്ഷ വിശിച്ചത്.

ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, താമരശ്ശേരി ഡി.വൈ.എസ്.പി കെ.പി അബ്ദുൽ റസാഖ് ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.