പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; യുവതിയ്ക്ക് വീണ്ടും നീതി നിഷേധം, ആരോഗ്യാവസ്ഥ മോശമെന്നറിയിച്ചിട്ടും യുവതി നേരിട്ടെത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ കമ്മിഷന്‍


കോഴിക്കോട്: ഹര്‍ഷീനയ്ക്ക് വീണ്ടും നീതി നിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വയറില്‍ കുടുങ്ങി അഞ്ച് വര്‍ഷം വേദന അനുഭവിച്ച ഹര്‍ഷീനയ്ക്കാണ് വീണ്ടും ആശുപത്രി അധികൃതര്‍ നീതി നല്‍കാതിരിക്കുന്നത്. വീഴ്ച പരിശോധിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ശാരീരിക അവശതകള്‍ ഉണ്ടെന്ന് അറിയിച്ചിട്ടും നേരിട്ട് എത്തണമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. വലിയൊരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന അടിവാരം സ്വദേശി ഹര്‍ഷീനക്ക് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താലേ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്താന്‍ കഴിയു. അതിനുള്ള ആരോഗ്യം ഇല്ലെന്ന് അറിയിച്ചിട്ടും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ കടുത്ത നിലപാടില്‍ തുടരുകയാണെന്നും പറയുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2017 നവംബറിലാണ് പ്രസവത്തിനായി യുവതി എത്തിയത്. പ്രസവശേഷം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ യുവതിയെ അലട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ സി.ടി സ്‌കാനിംഗിലാണ് ശരീരത്തില്‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തന്നെ ശസ്ത്രക്രിയവഴി 11സെ മീ നീളമുള്ള കത്രിക പുറത്തെടുക്കുകയാണ് ചെയ്തത്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നിരുന്നു.

യുവതിയുടെ പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

summary: Harsheena, who is undergoing surgery with scissors stuck in her stomach during delivery surgery, is again denied justice by the medical college