ഡ്യൂട്ടിക്കിടെ കാണാതായ പനമരം സി.ഐയെ കണ്ടെത്തി; ഉദ്യോഗസ്ഥയെ കണ്ടെത്തിയത് തിരുവനന്തപുരത്ത്


തിരുവനന്തപുരം: കാണാതായ വയനാട് പനമരം സിഐ കെ.എ.എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്.

തിങ്കളാഴ്ച പാലക്കാട് ഫാസറ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ലായിരുന്നു. എലിസബത്തിനെ കാണാതായതിനെ തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ് കാണാതായത്. തുടര്‍ന്ന് സിഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക നമ്പറും സ്വിച്ച് ഓഫായിരുന്നു. അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോടായിരുന്നു കല്‍പ്പറ്റയിലെ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടെന്ന് എലിസബത്ത് പറഞ്ഞത്.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എലിസബത്ത് പാലക്കാട് എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് എലിസബത്തിനെ കണ്ടെത്തിയത്.

Summary: Missing circle inspector found in Thiruvananthapuram