”ഒരുമിച്ച് കുളിച്ചില്ലെങ്കില്‍, ഭക്ഷണം കഴിക്കുമ്പോള്‍ ഉരുള നല്‍കിയില്ലെങ്കില്‍ പിണങ്ങും” രാഹുലിന്റെ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് പന്തീരങ്കാവില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തല്‍


കോഴിക്കോട്: സൈക്കോ എന്നോ പൊസസ്സീവ് നെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാവുന്ന പെരുമാറ്റമായിരുന്നു തന്റെ ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നതെന്ന് കോഴിക്കോട് പന്തീരങ്കാവില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ പറവൂര്‍ സ്വദേശിയായ യുവതി പറയുന്നു. ഒരു മിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള രാഹുലിന് കൊടുക്കണം, കൊടുക്കാതെ കഴിച്ചാല്‍ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നെന്നും യുവതി പറയുന്നു.

രാഹുലിന്റെ ഇത്തരം സ്‌നേഹ പ്രകടനങ്ങള്‍ വീര്‍പ്പുമുട്ടിച്ചിരുന്നു. തന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടെന്നും അവര്‍ പറഞ്ഞു. ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ രാഹുലിന്റെ മറ്റൊരു മുഖമാണ് കാണാന്‍ കഴിയുക. അന്ന് ഇത്രയും ക്രൂരമായി മര്‍ദ്ദിക്കുമെന്ന് കരുതിയിരുന്നില്ല. അടിക്കുകയും മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി വലിക്കുകയും ചെയ്തു. അതിനുശേഷം ബെഡ്ഡിലേക്ക് തള്ളിയിട്ട് ബെല്‍റ്റ് കൊണ്ട് അടിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് രാഹുലുമായി പരിചയപ്പെട്ടത്. ഒരുവര്‍ഷത്തോളമുള്ള പരിചയമുണ്ടായിരുന്നു. വിവാഹത്തിന് തന്റെ കുടുംബത്തിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ രാഹുലിന്റെ അമ്മയ്ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് ആ ആലോചന ഒഴിവാക്കുകയും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തു. അത് മുടങ്ങിപ്പോയതോടെയാണ് വീണ്ടും ഇവര്‍ ആലോചനയുമായി വന്നത്.

ആലോചിച്ചുറപ്പിച്ച വിവാഹം മുടങ്ങിയത് പെണ്‍കുട്ടിയുടെ സഹോദരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്നാണ് തങ്ങളോട് പറഞ്ഞത്. നേരത്തെ മറ്റൊരു വിവാഹം കഴിച്ചതോ ഡിവോഴ്‌സ് സംബന്ധിച്ച കാര്യങ്ങളോ പറഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. ഇപ്പോള്‍ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.