സ്വിമ്മിങ് പൂളുകളിലും കുളങ്ങളിലും കുളിച്ചാല്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിക്കുമോ? അത്യപൂര്‍വ്വവും അപകടകരവുമായ ഈ രോഗത്തെക്കുറിച്ച് അറിയാം വിശദമായി


കോഴിക്കോട്: മലപ്പുറം ജില്ലയില്‍ അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്താണ് മസ്തിഷ്‌ക ജ്വരം? എങ്ങനയാണ് രോഗം പിടിപെടുന്നത്? വിശദമായി അറിയാം.

നമ്മുടെ മസ്തിഷ്‌കത്തെ ബാധിക്കുന്ന നീര്‍ക്കെട്ടിനെ എന്‍സെഫലൈറ്റിസ് എന്നും മസ്തിഷ്‌കത്തിന്റെ മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ (Dura, Arachinoid, Pia) എന്നിവിടങ്ങളിലെ നീര്‍ക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു. ഇന്‍ഫെക്ഷന്‍സ് (അണുബാധ) യാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. അതില്‍ത്തന്നെ, കൂടുതല്‍ രോഗങ്ങളും ബാക്ടീരിയകളും വൈറസുകളുമാണ് ഉണ്ടാക്കുന്നത്.

വളരെ അപൂര്‍വ്വമായി മാത്രം കാണുന്നതിനാലോ ജനങ്ങള്‍ക്കിടയില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത ഒരു രോഗമാണ് അമീബ മൂലമുള്ള മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാക്കുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല.

ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകള്‍ കണ്ടു വരുന്നത്. അതുകൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ ഉണ്ടായേക്കാം. ക്ലോറിനേഷന്‍ മൂലം നശിച്ചുപോകുന്നതിനാല്‍ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളില്‍ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളില്‍ ഈ രോഗാണുവിന് നിലനില്‍പില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല. കുളിക്കുമ്പോള്‍ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തില്‍ പ്രവേശിക്കില്ല. എന്നാല്‍ ഡൈവ് ചെയ്യുമ്പോളോ നീന്തുമ്പോളോ വെള്ളം ശക്തിയായി മൂക്കില്‍ കടന്നാല്‍, അമീബ വെള്ളത്തില്‍ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികള്‍ക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകള്‍ നടത്തുന്നതും, തല വെള്ളത്തില്‍ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം.

രോഗലക്ഷണങ്ങള്‍:

കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശക്തിക്കുറവുള്ളതുകൊണ്ടാണോ അപൂര്‍വ്വം ചിലരില്‍ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല. രോഗാണുബാധയുണ്ടായി ഒന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങളുണ്ടാകുന്നത്. ശക്തിയായ പനി, ഛര്‍ദ്ദി, തലവേദന, അപസ്മാരം, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന രോഗലക്ഷണങ്ങള്‍.

രോഗം മൂര്‍ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങളെ ചികില്‍സിക്കുക എന്നത് കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം നിലനിര്‍ത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്. ഈ രോഗത്തിന് മരണസാധ്യത വളരെ ഏറെയാണ്.

സാധാരണഗതിയില്‍ മസ്തിഷ്‌ക ജ്വരം കണ്ടുപിടിക്കുന്നത് സെറിബ്രോ സ്‌പൈനല്‍ ഫ്‌ലൂയിഡ് നട്ടെല്ലിന്റെ താഴെ ഭാഗത്തു നിന്നും കുത്തിയെടുത്ത് പരിശോധിച്ചാണ്. സെറിബ്രോ സ്‌പൈനല്‍ ഫ്‌ലൂയിഡില്‍ രോഗകാരിയായ അമീബയുടെ സാന്നിധ്യം കണ്ടു പിടിക്കുമ്പോളാണ് ഈ രോഗാണുമൂലമാണ് രോഗമുണ്ടായത് എന്ന് വ്യക്തമാവുക.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ കുട്ടികള്‍ നീന്തല്‍ കുളത്തിലും വെള്ളത്തിലും കളിക്കുന്നത് വ്യാപകമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം.