കാലവര്‍ഷം ഇത്തവണ നേരത്തെയെത്തും; ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും, സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ചയോടെ കാലവര്‍ഷം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. ചക്രവാതച്ചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ നിന്ന് വിദര്‍ഭയിലേക്ക് മറ്റൊരു ന്യൂനമര്‍ദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ് 19ന് അതിശക്തമായ മഴക്കും, മെയ് 15 മുതല്‍ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.

അടുത്ത അഞ്ച് ദിവസവും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 19ന് ചില ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലേര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

യെല്ലോ അലേര്‍ട്ട്

15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
16-05-2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം
17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
18-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
19-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിലാണ് കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.