കുട്ടി നേരിട്ടത് ക്രൂരപീഡനം; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ വാണിമേല്‍ സ്വദേശിക്ക് 40 വര്‍ഷം കഠിന തടവ്, കൂട്ടുപ്രതിക്ക് 20 വർഷവും


വാണിമേല്‍: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ വാണിമേല്‍ സ്വദേശി അടക്കം മൂന്ന് പേര്‍ക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. നിടുംപറമ്പ് സ്വദേശി തയ്യുള്ളതില്‍ അനില്‍(44), ഏറ്റുമാനൂര്‍ സ്വദേശി എം.ദാസ്(44) മൂന്നാം പ്രതി മണ്ണാര്‍കാട് സ്വദേശി ചങ്ങിലേരി വസന്ത(43) എന്നിവരെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്.

രണ്ടാം പ്രതി ദാസിന്റെയും മൂന്നാം പ്രതി വസന്തയുടെയും കൂടെ പരപ്പുപാറയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന 12വയസ് പ്രായമുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്‌. കുട്ടിയെ ഒന്നാം പ്രതി അനില്‍ വാടക വീട്ടില്‍വെച്ചും, അനിലിന്റെ വീട്ടില്‍ വച്ചും പലതവണ ബലാത്സംഗം ചെയ്തിട്ടുണ്ട്. കുട്ടി ഇക്കാര്യം ദാസിനോടും വസന്തയോടും പറഞ്ഞപ്പോള്‍ കുട്ടിയെ പേടിപ്പിക്കുകയും വിവരം പുറത്ത് പറയാതെ രഹസ്യമാക്കി വെക്കുകയുമായിരുന്നു.

പലരില്‍ നിന്നും ക്രൂര പീഢനത്തിന് ഇരയായ പെണ്‍കുട്ടിയെ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഭാഗമായി ബാലികാസദനത്തില്‍ എത്തിച്ചപ്പോഴാണ് ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. ഇതേ കുട്ടിയെ ക്രൂരമായ ലൈംഗീകാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ വസന്തയെ 75വര്‍ഷം കഠിനതടവിന് കോടതി ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ കണ്ണൂര്‍ വനിതാ ജയിലിലാണ് വസന്തയുള്ളത്. ദാസും, അനിലും മറ്റൊരു കേസില്‍ വിചാരണ നടപടികള്‍ നേരിടുകയാണ് നിലവില്‍.

ഒന്നാം പ്രതി അനിലിന് 40 വര്‍ഷം കഠിനതടവും 60,000രൂപ പിഴയടക്കാനുമാണ് കോടതി വിധിച്ചത്. രണ്ടാം പ്രതി ദാസിന് 6മാസം കഠിന തടവും 5000 രൂപ പിഴയടക്കാനും മൂന്നാം പ്രതിക്ക് 20 വര്‍ഷവും 6 മാസവും കഠിന തടവിനും 35,000രൂപ പിഴയടക്കാനുമാണ് കോടതി ശിക്ഷ വിധിച്ചത്.

വളയം പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ വളയം ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്, നാദാപുരം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് കെ.ആര്‍, സിപിഒ കുഞ്ഞുമോന്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.