ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ 70 ലക്ഷത്തിന്റെ സ്വർണ്ണം; കരിപ്പൂരിൽ യുവാവ് അറസ്റ്റിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവാവ് അറസ്റ്റിൽ. . കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജിൽ(30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1253 ഗ്രാം സ്വര്‍ണ്ണം പിടികൂടി. വിപണിയിൽ 70 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിയ ഷിജിലിനെ വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് പിടിച്ചത്.
എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയില്‍നിന്നാണ് ഷിജില്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 1253 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ നാല് കാപ്സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്. എക്‌സറേ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചനിലയില്‍ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി .എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. യുവാവിനെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോര്‍ട്ട് നല്‍കും. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന 13-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.
Summary: gold smuggling: 70 lakhs of gold inside the body in capsule form; A young man was arrested in Karipur