കാത്തിരിപ്പ്‌ വിഫലം; നന്തിയില്‍ കടലില്‍ തോണി അപകടത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി


നന്തി: വളയില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി കാറ്റിലും മഴയിലും പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പീടിക വളപ്പില്‍ റസാഖാണ് മരിച്ചത്‌. ഇയാള്‍ക്കായി കോസ്റ്റ്ഗര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. 4 മണിയോടെ മത്സ്യത്തൊഴിലാളികള്‍ വീണ്ടു നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്ത് നിന്നും തന്നെ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടോടെയാണ് മത്സ്യബന്ധനത്തിനായി പോയ തോണി വളയം കടലില്‍ കാണാതായത്. രണ്ടുപേരെയായിരുന്നു കാണാതായത്. തട്ടാന്‍ കണ്ടി അഷ്‌റഫ്, പീടികവളപ്പില്‍ റസാഖ് എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. അഷ്‌റഫിനെ ഇന്നലെ തന്നെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു.

Also Read: ”ശക്തമായ ഇടിയൊച്ച കേട്ടതോര്‍മ്മയുണ്ട്, ആ ആഘാതത്തില്‍ ഞങ്ങള്‍ വള്ളത്തില്‍ നിന്നും തെറിച്ചുവീണു” വള്ളം മറിഞ്ഞുള്ള അപകടത്തില്‍ കടലില്‍ വീണ് രക്ഷപ്പെട്ട നന്തിയിലെ മത്സ്യത്തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

തുടര്‍ന്ന് ഇയാളെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. വിവരം അറിയിച്ചിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇന്ന് രാവിലെ നന്തിയില്‍ ഹൈവേ റോഡ് ഉപരോധിച്ചിരുന്നു. ഇന്ന് രാവിലെ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് കോസ്റ്റൽ ഡിപ്പാര്‍ട്ട്‌മെന്റ് പ്രദേശത്ത് എത്തിയത്. എംഎൽഎ അടക്കമുള്ളവരെ നാട്ടുകാർ തടഞ്ഞിരുന്നു. തിരച്ചിലിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാരുടെ ഉറപ്പ് പ്രകാരം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

Also Read: നന്തിയില്‍ കടലില്‍ തോണി അപകടത്തില്‍പ്പെട്ട സംഭവം; കാണാതായ മത്സ്യബന്ധന തൊഴിലാളിക്കായി പ്രതിഷേധത്തിനൊടുവില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി