നന്തിയില്‍ കടലില്‍ തോണി അപകടത്തില്‍പ്പെട്ട സംഭവം; കാണാതായ മത്സ്യബന്ധന തൊഴിലാളിക്കായി പ്രതിഷേധത്തിനൊടുവില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി


നന്തി: വളയില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി കാറ്റിലും മഴയിലും പെട്ട് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍ ആരംഭിച്ചു. കോസ്റ്റ്ഗര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ തുടങ്ങിയിരിക്കുന്നതെന്ന് തഹസില്‍ദാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കാണാതായ പീടിക വളപ്പില്‍ റസാഖിനായുളള തിരച്ചിലാണ് തുടരുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മത്സ്യബന്ധനത്തിനായി പോയ തോണി വളയം കടലില്‍ കാണാതായത്. രണ്ടുപേരെയായിരുന്നു കാണാതായത്. തട്ടാന്‍ കണ്ടി അഷ്‌റഫ്, പീടികവളപ്പില്‍ റസാഖ് എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. അഷ്‌റഫിനെ ഇന്നലെ തന്നെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഇയാളെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. വിവരം അറിയിച്ചിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇന്ന് രാവിലെ നന്തിയില്‍ ഹൈവേ റോഡ് ഉപരോധിച്ചിരുന്നു. ഇന്ന് രാവിലെ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് കോസ്റ്റൽ ഡിപ്പാര്‍ട്ട്‌മെന്റ് പ്രദേശത്ത് എത്തിയത്. എംഎൽഎ അടക്കമുള്ളവരെ നാട്ടുകാർ തടഞ്ഞിരുന്നു. തിരച്ചിലിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാരുടെ ഉറപ്പ് പ്രകാരം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

നന്തി വളയില്‍ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍ പെട്ട് ഒരാളെ കാണാതായി; നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുന്നു