”ശക്തമായ ഇടിയൊച്ച കേട്ടതോര്‍മ്മയുണ്ട്, ആ ആഘാതത്തില്‍ ഞങ്ങള്‍ വള്ളത്തില്‍ നിന്നും തെറിച്ചുവീണു” വള്ളം മറിഞ്ഞുള്ള അപകടത്തില്‍ കടലില്‍ വീണ് രക്ഷപ്പെട്ട നന്തിയിലെ മത്സ്യത്തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


കൊയിലാണ്ടി: ”ശക്തമായ ഒരു ഇടിയൊച്ച കേട്ടതോര്‍മ്മയുണ്ട്, ഞങ്ങള്‍ രണ്ടും തെറിച്ചുപോവുകയായിരുന്നു” ആശുപത്രി കിടക്കയില്‍ നിന്നും ഇന്നലെ രാത്രി നടന്ന സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ തട്ടാന്‍കണ്ടി അഷ്‌റഫിന് തോണി അപകടത്തിന്റെ നടുക്കം മാറിയിട്ടുണ്ടായിരുന്നില്ല. കൂട്ടുകാരനെ ഇനിയും കണ്ടെത്താനാവാത്തതിന്റെ വിഷമം പങ്കുവെച്ചുകൊണ്ട് അഷ്‌റഫ് ഇന്നലെ സംഭവിച്ച കാര്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു വിശദീകരിച്ചു.

” രാത്രി ഏഴുമണിയോടെയാണ് സംഭവം, മഴയും കാറ്റുമൊന്നുമല്ല, ഇടിയാണ് ഞങ്ങളെ തെറിപ്പിച്ചത്. ഞാനും പീടികവളപ്പില്‍ റസാഖുമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഫൈബര്‍വള്ളത്തില്‍ നിന്നും ഞങ്ങള്‍ തെറിച്ചുപോയി. എന്താ സംഭവിച്ചതെന്ന് തിരിച്ചറിയും മുമ്പേ വള്ളം എങ്ങോട്ടോ ഒഴുകിപ്പോയി. തെറിച്ചുവീണശേഷം റസാഖിനെ ഞാന്‍ കണ്ടിട്ടേയില്ല. കുറച്ചുനേരം വിളിച്ചുനോക്കിയിരുന്നു. ഒരു മറുപടിയുമുണ്ടായില്ല.”


Also Read: നന്തിയില്‍ കടലില്‍ തോണി അപകടത്തില്‍പ്പെട്ട സംഭവം; കാണാതായ മത്സ്യബന്ധന തൊഴിലാളിക്കായി പ്രതിഷേധത്തിനൊടുവില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി


”രണ്ടര മണിക്കൂറോളമാണ് ഞാന്‍ നീന്തിയത്. കയ്യും കാലും ആകെ തളര്‍ന്നു, മരണത്തെ മുന്നില്‍ക്കണ്ട് നില്‍ക്കുമ്പോഴാണ്, ആ തോണിക്കാരെത്തിയത്. അവരെന്ന് പിടിച്ചുവള്ളത്തില്‍ കയറ്റി. ആകെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു.” അദ്ദേഹം പറഞ്ഞു.

നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അഷ്‌റഫ് ഇപ്പോള്‍. ഏറെ നേരം നീന്തിയതിനാല്‍ കൈക്കും കാലിനും നല്ല വേദനയുണ്ട്. ശാരീരികമായി മറ്റ് പ്രയാസങ്ങളൊന്നുമില്ലെന്നും അഷ്‌റഫ് വ്യക്തമാക്കി.

അതേസമയം, കാണാതായ റസാഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഇന്നലെ അപകടം നടന്ന ഉടനെ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികള്‍ രാവിലെ രംഗത്തുവന്നിരുന്നു. ഉദ്യാഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ നന്തിയില്‍ മത്സ്യത്തൊഴിലാളിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റസാഖിനുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയത്.