പേരാമ്പ്ര കല്‍പ്പത്തൂരില്‍ ഓട്ടോയില്‍ കാറിടിച്ച് അപകടം; യാത്രക്കാരന്‍ മരിച്ചു


നൊച്ചാട്: പേരാമ്പ്ര കല്പത്തൂര്‍ വായനശാല സ്റ്റോപ്പിന് സമീപം വാഹനാപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു. ഓട്ടോയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോയാത്രക്കാരനായ കല്പത്തൂര്‍ വായനശാല സ്വദേശി വടക്കയില്‍ വളപ്പില്‍ നാരായണനാണ് മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. വിവാഹവീട്ടില്‍ പോയി ഓട്ടോയില്‍ തിരികെ വരുകയായിരുന്നു നാരായണനും കുടുംബവും. പേരാമ്പ്ര ഭാഗത്തുനിന്നുവന്ന ഓട്ടോ രാമല്ലൂര്‍ റോഡിലേക്ക് തിരിയേണ്ടതിന് പകരം അല്പം മുന്നോട്ടുപോയി. റോഡില്‍നിന്ന് ഓട്ടോ തിരിക്കാന്‍ ശ്രമിക്കവേയാണ് കാറിടിച്ചത്. ഓട്ടോ മറിഞ്ഞ് നാരായണന്‍ വാഹനത്തിന് അടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

സഹയാത്രികരായിരുന്ന നാരായണന്റെ ഭാര്യ സുനിത, സഹോദരന്റെ മകന്റെ ഭാര്യ ബബിത, ബബിതയുടെ മകള്‍ അലംകൃത എന്നിവരും അപകടത്തില്‍പ്പെട്ട ഓട്ടോയില്‍ ഉണ്ടായിരുന്നു. ബബിതയ്ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കുണ്ട്.

മക്കള്‍: സജിന, പരേതനായ സജീഷ്. മരുമകന്‍: നിധീഷ് (ഓട്ടോ ഡ്രൈവര്‍). സഹോദരങ്ങള്‍: ശങ്കരന്‍, ദാമോദരന്‍, ലീല, പരേതയായ ജാനകി.