ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ ആരംഭിച്ചു


കോഴിക്കോട്: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ക്ലാസ്സുകള്‍ ആരംഭിച്ചു. 3,08,000 കുട്ടികളാണ് ഇന്ന് വിവിധ വിഭാഗങ്ങളിലായി ക്ലാസുകളിലെത്തുക.

മറ്റ് ക്ലാസുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താത്ത വിധം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. മൂന്നാം അലോട്‌മെന്റിലെ പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ നീട്ടിയിട്ടുണ്ട്. മാനേജ്മെന്റ് – അണ്‍ എയിഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം അലേട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്.

അലോട്ട്മെന്റ് കിട്ടിയിട്ടും അതത് സ്‌കൂളുകളില്‍ എത്താത്ത വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കണം.

summary: First year higher secondary class will start today