ഖത്തർ ലോകകപ്പിന് തിരി കൊളുത്താൻ ഇനി നിമിഷങ്ങൾ മാത്രം; എവിടെ, എപ്പോള്‍, എങ്ങനെ കാണാം എന്നറിയാമോ? വിശദ വിവരങ്ങളറിയാം
ദോഹ: ലോക കപ്പുത്സവത്തിനു തിരി കൊളുത്താൻ ഇനി മണിക്കൂറുകൾ മാത്രം, ലോകമൊന്നാകെ ഒരു പന്തിലേക്കു കണ്ണ് നീളുന്ന മഹാ മാമാങ്കത്തിന് ഇന്ന് തുടക്കം. ഖത്തർ ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ത്യൻ സമയം വൈകിട്ട് 7.30 ക്ക് ആരംഭിക്കും. ആവേശോജ്വലമായ മത്സരങ്ങൾ ഇങ്ങു നാട്ടിലിരുന്നും ആരാധകർക്ക് തത്സമയം കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് വിവിധ ചാനലുകൾ.
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ ഏറ്റുമുട്ടൽ പ്രതീക്ഷിക്കാം. ഉദ്ഘാടന മത്സരം അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആണ് നടക്കുക. മത്സരം ഇന്ത്യൻ സമയം രാത്രി 9:30 ന് ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ കെ പോപ്പ് താരവും ബിടിഎസ് ബാൻഡിലെ അംഗവുമായ ജങ്കൂക്ക്, ബ്ലാക്ക് ഐഡ് പീസ്, റോബി വില്യംസ്, നോറ ഫത്തേഹി തുടങ്ങി നിരവധി താരങ്ങൾ പരിപാടി അവതരിപ്പിക്കും.
ഫിഫ ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങ് ലൈവ് സ്ട്രീമിംഗ് ആയും ലൈവ് ടെലികാസ്റ്റ് ആയും കാണാനാവും. ടെലിവിഷനില്‍ ലോകകപ്പ് ഫുട്‌ബോള്‍ കാണുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് 18, സ്‌പോര്‍ട്‌സ് 18 എച്ച് ഡി ചാനലുകളിലൂടെ ഖത്തറിലെ മത്സരങ്ങള്‍ തത്സമയം കാണാം.
നാടും നഗരവും ഫുട്ബോൾ ലഹരിയിൽ; ലോകകപ്പിന് ഇന്ന് കിക്കോഫ്, കളി ഖത്തറിലാണെങ്കിലും ആവേശമിങ്ങ് കേരളത്തിൽ
ലൈവ് സ്ട്രീമിംഗിലൂടെ ആണ് കാണാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ജിയൊ സിനിമാ ആപ്പിലൂടെ കാണാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ലൈവ് സ്ട്രീമിംഗ് ജിയൊ സിനിമയാണ് ചെയ്യുന്നത്. ജിയൊ, വിഐ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ സിംകാര്‍ഡ് ഉള്ളവര്‍ക്ക് ഫ്രീ ആയി ജിയൊ സിനിമ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.
മലയാളത്തിൽ തന്നെ കമൻറ്ററി കേട്ടും കളി കാണാവുന്നതാണ്. ഇതുകൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി എന്നീ ഭാഷകളില്‍ ലൈവ് സ്ട്രീമിംഗ് കമന്ററിയും ഉണ്ട്. ഇന്ത്യയിൽ സ്പോർട്സ് 18 നെറ്റ്‌വർക്കിലൂടെയും, ജിയോ സിനിമാസ് ആപ്പിലൂടെയും സൗജന്യമായി കാണാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
കളി കാണാൻ ഒരുങ്ങിക്കോളൂ, മാമാങ്കത്തിന് തിരി കൊളുത്താൻ ഇനി മണിക്കൂറുകൾ മാത്രം…