വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സംശയം, നീന്തി തളര്‍ന്നതോടെ മുങ്ങിപ്പോയി; അഫ്‌നാസിന്റെ മൃതദേഹം കിട്ടിയത് വള്ളം മറിഞ്ഞ അതേ സ്ഥലത്ത് വച്ച്, രക്ഷാപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഇന്ന് വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സൂചന. ഇന്ന് പുഴയില്‍ ശക്തമായ കാറ്റ് ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകടത്തില്‍ കാണാതായ മുചുകുന്ന് സ്വദേശി അഫ്‌നാസിന്റെ മൃതദേഹം രാത്രി 8:15 ഓടെയാണ് കണ്ടെത്തിയത്.

ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞത്. ചെറിയ ഫൈബര്‍ വള്ളത്തില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. വള്ളം മറിഞ്ഞതോടെ ഇവരില്‍ മൂന്ന് പേരെയും സമീപത്തെ ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷിച്ചെങ്കിലും അഫ്‌നാസിനെ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. വള്ളം മറിഞ്ഞ അതേ സ്ഥലത്ത് തന്നെ വെള്ളത്തിനടിയിലായിരുന്നു മൃതദേഹം. ചെളിയില്‍ ആഴ്ന്ന നിലയില്‍ അല്ലായിരുന്നു മൃതദേഹമെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.


Breaking News: അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 


നന്നായി നീന്താന്‍ അറിയാത്തവരാണ് വള്ളത്തിലുണ്ടായിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആഴം കുറഞ്ഞ ഭാഗത്താണ് വള്ളം മറിഞ്ഞത്. കാല് കുത്തി നില്‍ ക്കാന്‍ കഴിയുമായിരുന്നെങ്കിലും തുടര്‍ച്ചയായി നീന്തിയതോടെ അഫ്‌നാസ് തളര്‍ന്ന് പോകുകയും ഒപ്പമുണ്ടായിരുന്നവരുടെ കയ്യില്‍ നിന്ന് വഴുതി പുഴയുടെ ആഴത്തിലേക്ക് പോകുകയുമായിരുന്നു.

മുചുകുന്ന് കേളോത്ത് മീത്തല്‍ താമസിക്കുന്ന പുതിയോട്ടില്‍ അസൈനാറിന്റെയും സഫിയയുടെയും മകനാണ് അഫ്‌നാസ്. അല്‍ത്താഫും അസീഫുമാണ് സഹോദരങ്ങള്‍.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം: