എന്റെ കരളേ…. ഫാറ്റി ലിവറിനെ ശ്രദ്ധിക്കണം, രോ​ഗകാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാമെന്ന് വിശദമായി നോക്കാം



പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ അറിയാം. ഇവയുടെ ഇടയിലേക്ക്‌ അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ്‌ ഫാറ്റി ലിവർ. ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണിത്. ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്‌. കരളിനെ ബാധിക്കുന്ന രോ​ഗമാണ് ഫാറ്റിലവർ. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും‌.

ശരീരത്തിന്റെ ആരോഗ്യത്തിൽ പരമപ്രധാനമാണു കരളിന്റെ ആരോഗ്യം. ശരീരത്തിനുള്ളിലെത്തുന്ന മാലിന്യങ്ങളെയും മറ്റു വസ്തുക്കളെയുമെല്ലാം സംസ്കരിച്ചു ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ കരളിന്റെ പങ്ക് പ്രധാനമാണ്. കരൾ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ശരീരത്തിൽ ദോഷകരമായ പദാർഥങ്ങൾ അടിഞ്ഞു കൂടുകയും മറ്റു പല അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. കരളിൽ കൊഴുപ്പടിയുന്ന രോഗമാണു ഫാറ്റി ലിവർ. ഇതു രണ്ടു തരമുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ. പൊതുവേ അമിത വണ്ണം, പ്രമേഹം എന്നിവയുള്ളവരിലുണ്ടാകുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ.

ഫാറ്റി ലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. വർഷങ്ങളോളം ഒരു ലക്ഷണവും പ്രകടിപ്പിക്കില്ല എന്നതിനാൽ രോഗാവസ്ഥ തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടുള്ളതാണ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും കാര്യമായി ശ്രദ്ധിക്കാത്തവർക്കു ഫാറ്റിലിവറിനുള്ള സാധ്യതയേറെയാണ്. രാജ്യത്ത് 50% പേർക്കു നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഉണ്ടെന്നാണു കണക്ക്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന്‌ വഴിയൊരുക്കുന്ന ഘടകങ്ങൾ‌.

കരളിലുണ്ടായേക്കാവുന്ന ഒത്തിരി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ കാണപ്പെടാറുണ്ട്‌. ഉദാഹരണമായി, ഹെപ്പറ്റൈറ്റിസ്‌ സി, വിൽസൺസ്‌ ഡിസീസ്‌ തുടങ്ങിയ ചില അപൂർവ്വ കരൾ രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ കാണപ്പെടാറുണ്ട്‌. ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവറിനു സാധ്യത കൂട്ടും. അത് പോലെ തന്നെ പെട്ടെന്നു വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കുമ്പോഴും ഫാറ്റി ലിവർ ഉണ്ടാകാം.

തുടക്കത്തിൽ ഫാറ്റി ലിവർ ഉൾപ്പെടെ മിക്ക കരൾ രോഗങ്ങൾക്കും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽചെക്കപ്പിന്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂർഛിക്കുമ്പോൾ മാത്രം ചില ലക്ഷണങ്ങൾ കണ്ടേക്കാം. അടിവയറ്റിൽ വേദന, തലചുറ്റൽ, ക്ഷീണം, അസ്വസ്‌ഥത, ഭാരകുറവ്‌ എന്നിവ ചിലർക്ക് അനുഭവപ്പെടാറുണ്ട്‌. ക്ഷീണം, ബലഹീനത, ഓർമക്കുറവ്, ഛർദി, വയറിലെ മുകൾഭാഗത്തെയും അടിവയറ്റിലെയും വേദന, ചർമത്തിലോ കണ്ണുകളിലോ മഞ്ഞ നിറം, ചർമത്തിലെ ചൊറിച്ചിൽ, കാൽപാദത്തിലെ നീര് എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.

സാധാരണ അൾട്രാസൗണ്ട് (Ultrasound) സ്കാനിങ്ങിലൂടെയാണ് ഫാറ്റി ലിവർ ആദ്യം കണ്ടെത്തുന്നത്. രക്തപരിശോധന (LFT-ലിവർ ഫങ്ഷൻ ടെസ്റ്റ്) ചെയ്താൽ തീവ്രത കുറച്ചും കൂടി മനസ്സിലാക്കാനാകും. ലിവർ ഫങ്ഷൻ ടെസ്റ്റിൽ ലിവർ എൻസൈമുകളുടെ അളവുകൾ സാധാരണത്തേക്കാൾ കൂടുതൽ കാണുന്നത് കരൾ തകരാറുണ്ട് എന്നതിന്റെ ലക്ഷണമാണ്. വേറെ അസുഖമാണെന്ന് സംശയം ഉണ്ടെങ്കിൽ ഡോക്ടർ ചിലപ്പോൾ ലിവർ ബയോപ്സി (liver biopsy) ചെയ്യാനും പറയും.

അമിതമായി ഭക്ഷണം കരളിന്റെ പ്രവർത്തനത്തെ ബാധിക്കും. കരളിന്റെ സംഭരണശേഷിക്ക്‌ താങ്ങാനാവുന്നതിനപ്പുറം ഗ്‌ളൂക്കോസ്‌ കരളിൽ എത്തിയാൽ, കൊഴുപ്പ്‌ വിതരണം ചെയ്യാനാകാതെ കരളിൽ തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും.

ശരിയായ ഭക്ഷണ ക്രമീകരണവും വ്യായാമവുമാണു ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള ആദ്യ വഴി. രോഗ ലക്ഷണങ്ങൾ ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ ജീവിത ശൈലി മെച്ചപ്പെടുത്തി രോഗത്തെ ചെറുത്തു നിൽക്കാൻ സാധിക്കും. നേരത്തേ ലിവർ ബയോപ്സി ഉൾപ്പെടെയുള്ള ലബോറട്ടറി പരിശോധനയിലൂടെയാണു ഫാറ്റിലിവർ കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അൾട്രാസൗണ്ട് സ്കാനിങ്, ഫൈബ്രോസ്കാൻ എന്നിവ വഴി ഫാറ്റിലിവർ എളുപ്പം കണ്ടെത്താനാകും. കരളിന്റെ കടുപ്പവും കൊഴുപ്പിന്റെ അംശവും കണ്ടെത്തുകയാണ് ഈ പരിശോധനകളിലൂടെ ചെയ്യുന്നത്.

കടപ്പാട്: ഡോ.ഡാനിഷ് സലിം, ഡോ. പ്രിയ നായർ

Summary: fatty liver- what are the causes and symptoms