കല്‍പ്പറ്റ നാരായണന്‍ കോന്തലയില്‍ കെട്ടിയ ഓര്‍മകളുടെ നാണയത്തുട്ടുകള്‍ തേടി വയനാട്ടിലേക്ക് | ഫൈസല്‍ പൊയില്‍ക്കാവ് എഴുതുന്നു


ഫൈസല്‍ പൊയില്‍ക്കാവ്

മ്മാമയുടെ കോന്തല എന്റെ കുട്ടിക്കാലത്തെ നിറമുള്ള ഓര്‍മ്മയാണ്. ഉമ്മാമ കോന്തലക്ക് കെട്ടി വെക്കുന്ന നാണയ തുട്ടുകളും ഒന്നിന്റെയും രണ്ടിന്റെയും നോട്ടുകളും എന്നും ഞങ്ങള്‍ കുട്ടികളെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. മിഠായി വാങ്ങാന്‍ ഉമ്മാമ കോന്തല അഴിച്ച് പൈസ എടുക്കുന്നത് ഇന്നലെ പോലെ എന്റെ ഓര്‍മ്മയിലുണ്ട്. ഉമ്മാമ മരിച്ചിട്ട് ഇന്നേക്ക് ഇരുപത്തഞ്ച് വര്‍ഷം കടന്നുപോയി. കോന്തല കണ്ടവരുണ്ടോ എന്ന് ഇന്നത്തെ സ്‌കൂള്‍ ക്ലാസ്സില്‍ ചോദിച്ചാല്‍ ഒരു കുട്ടി പോലും കൈ ഉയര്‍ത്തുമെന്ന് തോന്നുന്നില്ല. പാവം അവരെ പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തേ ഉമ്മാമമാര്‍ക്ക് കോന്തലയില്ലല്ലോ.

കോന്തല ഇന്നത്തെ തലമുറ കണ്ടു കാണില്ല ചിലപ്പോള്‍ കേട്ടു പോലും. ‘ കോന്തല’ സമീപ ഭാവിയില്‍ തന്നെ അന്യം നിന്നു പോയേക്കാവുന്ന ഒരു പദപ്രയോഗമായേക്കാം.

എന്തും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന ന്യൂജെന്‍ ചിലപ്പോള്‍ കോന്തലയും തിരയും. പക്ഷെ കല്‍പ്പറ്റ മാഷ് എഴുതിയ പുസ്തക കവര്‍ കണ്ട് തൃപ്തിപ്പെടേണ്ടതായി വരും അവര്‍. ഗൂഗിളിനും അറിയില്ല ശരിക്കുള്ള കോന്തല എന്താണെന്ന്.

കല്‍പ്പറ്റ നാരായണന്‍

കോന്തലയെ അതിലൂടെ എന്റെ പുന്നാര ഉമ്മാമയെ എന്നെ ഓര്‍മ്മിപ്പിച്ചത് കല്‍പ്പറ്റ മാഷിന്റെ ‘കോന്തല’ എന്ന പുസ്തകമാണ്. മാഷ് നമുക്ക് വേണ്ടി അദ്ദേഹത്തിന്റെ വയനാടന്‍ ഓര്‍മ്മകളുടെ കോന്തല കെട്ടഴിക്കുകയാണ് ഈ പുസ്തകത്തിലുടെ.

വയനാടന്‍ ഓര്‍മ്മകള്‍ എന്തു ഭംഗിയായാണ് അദ്ദേഹം ഈ പുസ്തകത്തില്‍ കോറിയിട്ടിരിക്കുന്നത്. ‘കുഴിച്ചിട്ടാല്‍ കുപ്പിച്ചില്ലും മൂന്നാംനാള്‍ മുളച്ചു പൊന്തുന്ന വയനാടന്‍ മണ്ണ്. കുത്തിപ്പറിക്കുന്ന തണുപ്പ് ഇടമുറിയാത്ത മഴ ഏകാന്തത മാറിമാറിച്ചിരകുന്ന ചീവീടുകള്‍ തീരാത്ത രാവുകള്‍. ഇരുട്ടിനിരട്ടിയിരുട്ട് അസ്വസ്ഥതയ്ക്കിരട്ടിയസ്വസ്ഥത പ്രത്യാശയ്ക്ക് ഇരട്ടി സൂര്യപ്രഭ.

കാപ്പിപൂത്താല്‍ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഉദ്യാനം. തുടിയൊച്ചകൊണ്ട് കരയിട്ട വേനല്‍സന്ധ്യകള്‍, സദാ എന്തെങ്കിലും കുഴിച്ചിടുകയോ കുഴിച്ചെടുക്കുകയോ ചെയ്യുന്ന കര്‍ഷകര്‍. വയനാടന്‍ ഓര്‍മ്മകളില്‍ കല്‍പ്പറ്റ.

കോന്തല വായിച്ചപ്പോള്‍ വീണ്ടും വയനാടന്‍ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാന്‍ ഒരു മോഹം. രാവിലെ കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് പോവുന്ന ബസ്സില്‍ കയറി കല്‍പ്പറ്റക്ക് ടിക്കറ്റെടുത്തു. താമരശ്ശേരി ചുരം വഴി വയനാട്.

ബസ് ഇപ്പോള്‍ ചുരം കയറി തുടങ്ങിയിരിക്കുന്നു. ഹെയര്‍ പിന്നുകള്‍ ഓരോന്നായി ബസ്സ് പിന്നിടുമ്പോള്‍ ഞാന്‍ ബസ്സിന്റെ ജാലകത്തിലൂടെ പുറംകാഴ്ചകളിലേക്ക് കണ്ണോടിച്ചു. ഇപ്പോഴും തണുപ്പ് ബാക്കിയുണ്ട്. പിന്നെ കാടുകള്‍ക്ക് മാത്രമുള്ള മണവും, ചീവീടിന്റെ കരച്ചിലും.

ചുരം കയറി വൈത്തിരി എത്തുമ്പോള്‍ കാപ്പിത്തോട്ടങ്ങള്‍ വേരോടെ പിഴുതെറിയുന്ന ജെ.സി.ബി. രാക്ഷസനെ കണ്ടു. എനിക്ക് ഏറ്റവും വെറുപ്പുള്ള ഈ നൂറ്റാണ്ടിന്റെ മഹത്തായ കണ്ടുപിടുത്തം.

ഇന്ന് കേരളം മുഴുവന്‍ ഈ രാക്ഷസന്റെ കരാള ഹസ്തത്തിലാണല്ലോ. പരിസ്ഥിതി നശിപ്പിച്ചുള്ള എല്ലാ വികസനത്തിനും ഞാന്‍ എതിര്‍പക്ഷത്തു തന്നെയാണ്. ഇങ്ങനെ പോയാല്‍ ഇനി വയനാടന്‍ മണ്ണിലും കുപ്പിച്ചില്ല് പോയിട്ട് ഒരു ശീമ കൊന്ന പോലും മുളക്കാത്ത കാലം അതി വിദൂരമല്ല.

പ്രകൃതിയുടെ കടയ്ക്കല്‍ കത്തി വെച്ചുള്ള വികസനമല്ല നമുക്ക് വേണ്ടത് മറിച്ച് പ്രകൃതിയോട് ഇണങ്ങി ചേരുന്ന വികസനം ( environment sustainable development ) അതാണ് നമുക്കാവശ്യം.

കല്‍പ്പറ്റയില്‍ നിന്ന് വീണ്ടും ബസ്സ് കയറി ചുണ്ടേല്‍ ഇറങ്ങി. നിഴല്‍ വീണുറങ്ങുന്ന നാട്ടു പാതയിലൂടെ കുറേ നടന്നു. ഭാഗ്യത്തിന് ഒരു നൂല്‍ മഴ കിട്ടി. നൂല്‍ മഴ വയനാടിന്റെ മാത്രം പ്രത്യേകതയാണല്ലോ. ഈ വയനാടന്‍ ഗ്രാമഭംഗി അടുത്ത തലമുറക്ക് കുറച്ചെങ്കിലും നാം ബാക്കി വെച്ചേക്കണം. പേരിനെങ്കിലും. ആ ഒരു പ്രാര്‍ത്ഥന മാത്രം ബാക്കി.

നമ്മുടെ ന്യൂ ജനറേഷനു വേണ്ടി കോന്തല എന്ന പദം ഇവിടെ പരിചയപ്പെടുത്തുന്നു.
*കോന്തല = വസ്ത്രത്തിന്റെയും മറ്റും അറ്റം / പണസഞ്ചി*

വായനക്കാരോട്, നിങ്ങളുടെ ഉമ്മാമ്മമാര്‍ ഇപ്പോഴും കോന്തല കെട്ടാരുണ്ടോ? ഒരു ചിത്രമെടുത്ത് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് അയക്കൂ… മികച്ച ചിത്രങ്ങള്‍ കിട്ടിയാല്‍ ഒരു ഫോട്ടോ സ്‌റ്റോറിയായി പ്രസിദ്ധീകരിക്കുന്നതാണ്. [ചിത്രങ്ങള്‍ അയക്കാന്‍ ക്ലിക്ക് ചെയ്യൂ]