ജീവൻ നഷ്ടപ്പെട്ടെങ്കിലും തിരുവങ്ങൂർ സ്വദേശിനി ലക്ഷ്മിയമ്മ ഇനിയും ലോകം കാണും, മറ്റൊരാളുടെ കണ്ണുകളിലൂടെ; ബൈക്കപകടത്തിൽ അന്തരിച്ച എൺപത്തിയേഴുകാരിയുടെ കണ്ണുകൾ ദാനം ചെയ്തു
ചേമഞ്ചേരി: അപ്രതീക്ഷിതമായി മരണം വന്നു വിളിച്ചുവെങ്കിലും തന്റെ മരണത്തിലും നന്മ ചെയ്ത ലക്ഷ്മിയമ്മ.അപകടത്തിൽ മരണപ്പെട്ടെങ്കിലും തന്റെ കണ്ണുകൾ മറ്റൊരാൾക്കായി ദാനം ചെയ്തിരിക്കുകയാണ് ഈ എൺപത്തിയേഴുകാരി. തിരുവങ്ങൂർ സ്വദേശിനി ലക്ഷ്മിയമ്മ ഇനിയും ലോകം കാണും, മറ്റൊരാളുടെ കണ്ണുകളിലൂടെ.
ലക്ഷ്മിയുടെ മക്കളുടെയും കൊച്ചുമക്കളുടെയും ആവശ്യപ്രകാരമാണ് കണ്ണ് ദാനം ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് കണ്ണ് നൽകിയത്. മെഡിക്കൽ കോളേജിന്റെ നേത്രബാങ്കിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നു ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ബൈക്കിടിച്ചു ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വയോധിക മരിച്ചത്. തിരുവങ്ങൂര്‍ കുനിയില്‍ക്കടവിലേക്കുളള റോഡരികില്‍ നില്‍ക്കുകയായിരുന്ന ലക്ഷ്മിയെ ബൈക്കിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കവെയാണ് മരണം. പരേതനായ ചാത്തുക്കുട്ടിയാണ് ഭര്‍ത്താവ്.
മക്കള്‍: കുഞ്ഞികൃഷ്ണന്‍(റിട്ട വി.എസ്.എസ്.സി തിരുവനന്തപുരം), രവീന്ദ്രന്‍(റിട്ട.കനറാ ബാങ്ക് ഡിവിഷന്‍ മാനേജര്‍ കോഴിക്കോട്), മാധവി, നിര്‍മ്മല(ഇരുവരും മഹിളാ പ്രധാന ഏജന്റ്),റീന.
മരുമക്കള്‍: ദാസന്‍ (റിട്ട.വിവേഴ്‌സ് സോസൈറ്റി തിക്കോടി), ഗണേശന്‍(അനശ്വര ബാങ്ക് കൊല്ലം), പ്രേമ (റിട്ട അധ്യാപിക തിരുവനന്തപുരം), ഷീജ (പ്രധാനാധ്യാപിക എ.കെ.കെ.ആര്‍ ചേളന്നൂര്‍) ,പരേതനായ ദാസന്‍ പാലക്കുളം (റിട്ട.എസ്.ഐ തിരൂര്‍).
സഹോദരങ്ങള്‍: കല്ല്യാണി, പരേതരായ അപ്പുക്കുട്ടന്‍, ബാലന്‍, കുട്ടന്‍, നാരായണി.
ദാനമായി ലഭിക്കുന്ന നേത്രങ്ങള്‍ കാര്യക്ഷമമായി സൂക്ഷിക്കാനാണ് നേത്രബാങ്ക്. നേത്രദാനത്തിലൂടെ കണ്ണ് മുഴുവനായി എടുക്കുന്നു എന്ന് വിചാരിക്കരുതേ. നേത്രപടല(cornea)മാണ് മാറ്റിവെക്കുന്നത്. കൃഷ്ണമണിക്കു മുകളിലെ നേര്‍ത്ത സുതാര്യമായ ഭാഗമാണ് നേത്രപടലം. കണ്ണ് മുഴുവനായെടുത്ത് മറ്റൊരാൾക്ക് വെച്ച് പിടിപ്പിക്കാനാവില്ല. കണ്ണുകള്‍ ദാനംചെയ്ത് മരണശേഷവും സമൂഹത്തില്‍ വെളിച്ചം പകരുന്നവരിൽ നിങ്ങൾക്കും പങ്കാളികളാവും.