എറണാകുളത്തേക്കെന്ന് പറഞ്ഞ് മേപ്പയൂര്‍ സ്വദേശി ദീപക് പോയത് മംഗളൂരുവിലേക്ക്; പിന്നീട് ഗോവയില്‍, നാട്ടിലെ വിവാദങ്ങളൊന്നുമറിയാതെ ഹോട്ടല്‍ ജോലി ചെയ്ത് റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറക്കം
മേപ്പയ്യൂര്‍: മേപ്പയൂരില്‍ നിന്നും കാണാതായ ദീപക് കഴിഞ്ഞ ജൂണ്‍ ഏഴിന് രാവിലെ എറണാകുളത്ത് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി പോയത് മംഗളൂരുവിലേക്ക്. രാത്രി 10ന് ബസ്സിനാണ് മംഗളൂരുവിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. രാവിലെ എട്ടിന് ബസ് മാര്‍ഗം ഗോവയിലേക്ക് പുറപ്പെട്ടു. ആഗസ്ത് 30 വരെ ഗോവയിലെ ലൈവ്ലി ഹുഡ് ഹോട്ടലില്‍ ദിവസം 500 രൂപ വേതനത്തിന് ജോലി ചെയ്തു. റെയില്‍വേ സ്റ്റേഷനിലായിരുന്നു ദീപക്കിന്റെ അന്തിയുറക്കം.
ആഗസ്ത് 30ന് ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മുംബൈയിലേക്ക് പോയി. ആറുദിവസം മുംബൈയില്‍ കറങ്ങിയശേഷം മധ്യപ്രദേശിലെ ഇറ്റാര്‍സി, മാണ്ഡി ദ്വീപ്, ഭോപാല്‍ എന്നിവിടങ്ങളില്‍ യാത്ര തുടര്‍ന്നു. സെപ്തംബറില്‍ രണ്ടു ദിവസം ന്യൂഡല്‍ഹിയില്‍ എത്തി. പിന്നീട് സെപ്തംബര്‍ 24ന് ചണ്ഡീഗഢിലേക്ക് പോയി നിര്‍മാണത്തൊഴിലാളിയായി ജോലിയെടുത്തു. തുടര്‍ന്ന് ഏഴുദിവസം അമൃത്സറിലും രണ്ടുദിവസം ഷിംലയിലും സഞ്ചരിച്ചു. ഡിസംബര്‍ 26ന് ഗോവയില്‍ തിരിച്ചെത്തി ഫുള്‍ മൂണ്‍ എന്ന ഹോട്ടലില്‍ 500 രൂപ ദിവസവേതനത്തിന് ശുചീകരണ തൊഴിലാളിയായി. ജനുവരി 29ന് ഹോട്ടല്‍ ജോലി ഉപേക്ഷിച്ച ദീപക്ക് മറ്റൊരാളുടെ ഫോണില്‍നിന്ന് അമ്മ ശ്രീലതയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്.
തന്റേതാണെന്ന് കരുതി മറ്റൊരു മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചതും ഇതിനുശേഷമുണ്ടായ സംഭവവികാസങ്ങളുമൊന്നും ദീപക് അറിഞ്ഞിരുന്നില്ല. വടകരയില്‍നിന്നെത്തിയ പോലീസ് സംഘം പറഞ്ഞപ്പോഴാണ് തന്റെ തിരോധാനമുണ്ടാക്കിയ വിവാദങ്ങള്‍ ദീപക് മനസ്സിലാക്കിയത്. ഗോവയിലെത്തിയ ശേഷം ഫോണ്‍ നഷ്ടമായതിനാല്‍ പിന്നീട് നാടുമായി ഒരു ബന്ധവുമില്ലാതായി. മറ്റൊരു ഫോണ്‍വാങ്ങാനും ദീപക് ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ നാട്ടിലെ സംഭവങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് ദീപക്കിന്റെ മൊഴി. സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് മനസ്സിലായതും പിന്നീട് മൃതദേഹാവശിഷ്ടങ്ങള്‍ കൊണ്ടുപോയതുമെല്ലാം പോലീസാണ് ദീപക്കിനോട് പറയുന്നത്.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ ദീപക്കിനെ ഇന്ന് കോഴിക്കോട് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹൈക്കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കളോടൊപ്പം വിട്ടയക്കും.