സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസ് ഇനി പുതിയ കെട്ടിടത്തിൽ; എ.കെ.ജി മന്ദിരം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പയ്യോളി: സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലോകത്ത് എല്ലായിടത്തും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ശക്തികൾക്കെതിരായി പ്രവർത്തിക്കുന്ന അമേരിക്കയെ നമ്മുടെ തന്ത്രപരമായ സഖ്യശക്തിയാക്കിയത് അപകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്തെ ആണവക്കരാറാണ് ഇതിന് തുടക്കമിട്ടതെന്നും ഇടതുപക്ഷം അത്തരം നീക്കങ്ങളെ അന്നേ ശക്തമായി എതിർത്തതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഭരിക്കുന്ന ആർ.എസ്.എസ്. എല്ലാകാലത്തും ബ്രീട്ടീഷുകാരുടെ കൂടെയായിരുന്നു. സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ ആർ.എസ്.എസിന്റെ ഒരു തലവൻ ബ്രിട്ടീഷ് വൈസ്രോയിയെ ചെന്നുകാണുകയും നമ്മൾ തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും ഭരണം തുടരണമെന്നും പറഞ്ഞു. അന്തമാൻ ജയിലിൽക്കിടന്ന ഇവരുടെ മറ്റൊരു നേതാവ് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയാണ് പുറത്തുവന്നത്. ബ്രീട്ടീഷുകാർ പറയുന്നതനുസരിച്ച് ജീവിക്കാമെന്ന് പറഞ്ഞാണ് മോചിതനായത്. ഈ സവർക്കറെയാണ് വീര സവർക്കറാക്കി ആരാധിക്കുന്നത്. ഇതിനൊക്കെ ഇടയാക്കിയതും അവരുടെ കൈകളിലേക്ക് രാജ്യത്തിന്റെ ഭരണാധികാരം എത്തിയതും പരിശോധിച്ചാൽ കോൺഗ്രസിന്റെ ദൗർബല്യമാണ് കാരണമെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയർമാനുമായ ടി. ചന്തു അധ്യക്ഷത വഹിച്ചു. രക്തസാക്ഷികളായ പി.ടി. അഹമ്മദ്-ഉണ്ണര സ്മാരകഹാൾ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഓഫീസ് കെട്ടിടത്തിലെ കെ.എം. കോമത്ത് കുഞ്ഞമ്മദ് സ്മാരക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി.
ഏരിയാ കമ്മിയുടെ ഉപഹാരം സെക്രട്ടറി എം ഷിബു മുഖ്യമന്ത്രിക്ക് നൽകി. മുഖ്യമന്ത്രിയുടെ ഛായാ ചിത്രം വരച്ച ഗോഖലെ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി പ്രണവിൽ നിന്ന് മുഖ്യമന്ത്രി ചിത്രം ഏറ്റുവാങ്ങി. കെട്ടിടം നിർമിച്ച സാജകൺസ്ട്രക്‌ഷൻ കമ്പനി കരാറുകാർക്കും ആർക്കിടെക് സോനാ സുരേഷിനും മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി.
ഏരിയാ സെക്രട്ടറി എം.പി. ഷിബു, കാനത്തിൽ ജമീല എം.എൽ.എ., കെ.കെ. മുഹമ്മദ്, പി. വിശ്വൻ, കെ. ദാസൻ, കെ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഗസൽ ഗായകൻ അലോഷ്യയുടെ ഗാനവിരുന്നും അരങ്ങേറി.