അതിവേഗം പടരുന്ന കോവിഡ് വകഭേദം ഒമിക്രോണ്‍ ബി.എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു; രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധന, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രാലയം


ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബി.എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ രണ്ട് പേര്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗം വ്യാപിക്കുന്ന ബി.എഫ്.7 രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശനമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
വിദേശത്ത് നിന്നെത്തുന്നവരില്‍ യാത്രക്കാരുടെ സംഘത്തില്‍ നിന്ന് ചിലരെ പരിശോധിച്ച് ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്ക് കേന്ദ്രം കടന്നിരിക്കുകയാണ്.

രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ യോഗം വിളിച്ചത്. കോവിഡ് ഇതുവരെ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതുസാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയില്‍ കോവിഡ് ഗുരുതരമായി പടരുന്നതിനിടെ ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആശുപത്രി നിറഞ്ഞുകവിഞ്ഞ് ചികിത്സാസംവിധാനങ്ങള്‍ തകരാറിലായതിന്റെയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൈനയിലെ ഈ വകഭേദം തന്നെയാണ് ഇന്ത്യയിലും എത്തിയതെന്നാണ് റിപ്പോര്‍ട്ട്.