കോവിഡ് ഇനിയും അവസാനിച്ചിട്ടില്ല, ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജം; പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് നിർദ്ദേശം


ന്യൂഡൽഹി: ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കടുപ്പിച്ച് ഇന്ത്യയും. പൊതു ഇടങ്ങളിൽ ആളുകൾ മാസ്ക് ധരിക്കണം. വിദേശത്തുനിന്നും വരുന്നവരിലൂടെ രോഗം പകരുന്നത് തടയുന്നതിന് വിമാനത്താവളങ്ങളിലും മറ്റും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. ജാഗ്രത തുടരണം. നിരീക്ഷണം ശക്തമാക്കണമെന്നും രാജ്യത്തെ കോവിഡ് വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

പല രാജ്യങ്ങളിലും കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രി യോഗം വിളിച്ചത്. കോവിഡ് പൂർണമായും രാജ്യത്തുനിന്ന് പോയിട്ടില്ല അതിനാൽ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്നും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജം ആയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് വ്യാപനവും സംബന്ധിച്ചുള്ള അവലോകനവും യോഗത്തിൽ നടന്നു.