‘ചെറിയമങ്ങാട് സ്വദേശിനി ശ്രുതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം’; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ


കൊയിലാണ്ടി: ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശിനി ശ്രുതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. വടകരയ്ക്കടുത്ത് ചോമ്പാലിലെ ഭർതൃവീട്ടിൽ വച്ചാണ് ശ്രുതി മരിച്ചത്.

കൊയിലാണ്ടി നഗരസഭാ കൗൺസിലർ കെ.കെ.വൈശാഖ് (ചെയർമാൻ), വത്സരാജ് (വൈസ് ചെയർമാൻ), ടി.പി.പ്രജിത്ത്, സി.എം.സുനിലേശൻ (കൺവീനർ) എന്നിവരാണ് ആക്ഷൻ കമ്മിറ്റിയുടെ ഭാരവാഹികൾ. ഭർതൃവീട്ടിലെ നിരന്തര പീഡനം കാരണമാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ഇത് സംബന്ധിച്ച് ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകുമെന്നും കമ്മിറ്റി അറിയിച്ചു.

നവംബർ 23 നാണ് ചെറിയ മങ്ങാട് വിനോദിന്റെയും, കാഞ്ചനയുടെയും മകള്‍ ശ്രുതിയെ (27) ചോമ്പാല്‍ കണ്ണൂക്കരയിലെ പാണ്ടികശാല വളപ്പില്‍ വിപിന്റെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


Related News: ‘സ്വര്‍ണത്തിന്റെ കാര്യം പറഞ്ഞ് മര്‍ദ്ദിച്ചു, അവളെ വിളിക്കാന്‍ അമ്മ പോയെങ്കിലും കൂടെ വിട്ടില്ല’; കൊയിലാണ്ടി സ്വദേശിനിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക


മരണത്തില്‍ തങ്ങള്‍ക്ക് പല സംശയങ്ങളുമുണ്ടെന്ന് ശ്രുതിയുടെ സഹോദരന്‍ ശ്രീകാന്ത് അന്ന് തന്നെ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞിരുന്നു. മരണത്തിന് രണ്ടു ദിവസം മുമ്പ് സ്വര്‍ണ കമ്മല്‍ കാണാതായ കാര്യം പറഞ്ഞ് ശ്രുതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പിറ്റേദിവസം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാനായി അമ്മ പോയെങ്കിലും അവര്‍ കൂടെ വിടാന്‍ തയ്യാറായില്ലെന്നുമാണ് ശ്രീകാന്ത് പറഞ്ഞത്.