പ്രസംഗത്തില്‍ നിയമപരമായി തെറ്റില്ലെന്ന് കെ.എസ്.ഹരിഹരന്‍; വടകരയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു


വടകര: വടകരയില്‍ നടന്ന പൊതുയോഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യ ചെയ്യലിനായി വടകര പോലീസ് മുന്‍പാകെ ഹരിഹരന്‍ ഹാജരാവുകയായിരുന്നു.

തനിക്കെതിരായ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഹരിഹരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ” എനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ നടപടിയുണ്ടായില്ല. വീടിന് നേരെ ബോംബെറിഞ്ഞവരെ ഇതുവരെ പിടിച്ചില്ല. പ്രസംഗത്തില്‍ നിയപരമായി തെറ്റില്ല. എന്നാല്‍ രാഷ്ട്രീയമായി തെറ്റുണ്ട്. മാധ്യമങ്ങള്‍ എന്നെ മോശമായ രീതിയില്‍ ചിത്രീകരിച്ചു” എന്നായിരുന്നു ഹരിഹരന്റെ വാക്കുകള്‍.

” കേരളത്തില്‍ ധാരാളം പേര്‍ പല രീതിയില്‍ പ്രസംഗിച്ചിട്ടുണ്ട്. അവര്‍ക്ക് എതിരെയൊന്നും കേസെടുത്തിട്ടില്ല. വലിയ സൈബര്‍ ആക്രമണമാണ് എനിക്കും രമയ്ക്കുമെതിരെയുണ്ടായത്. പരാമര്‍ശം തെറ്റായെന്ന് തോന്നിയതുകൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. മലപ്പുറം ജില്ലയിലാണ് ഞാന്‍ താമസിക്കുന്നത്. സെന്‍സിറ്റീവായ സ്ഥലത്ത് ബോംബേറുണ്ടാകുമ്പോള്‍ ഇങ്ങനെ ഉദാസീനമായി കാണരുത്. പ്രതികളെ പൊലീസ് പിടികൂടണം.” എന്നും ഹരിഹരന്‍ പറഞ്ഞു.

ആര്‍എംപി പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് ഹരിഹരന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് പുഷ്പദ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിഹരന്റെപേരില്‍ വടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വടകരയില്‍ സിപിഐഎം വര്‍ഗീയതക്കെതിരെ യുഡിഎഫ് – ആര്‍എംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമര്‍ശം. ‘ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാകും’; എന്നായിരുന്നു ഹരിഹരന്റെ പരാമര്‍ശം.