അപകടകരമാംവിധം ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തു; പയ്യോളിയിലെ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം, നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം


പയ്യോളി: ഓട്ടോറിക്ഷ തൊഴിലാളിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പയ്യോളി ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു . അപകടരമാം വിധത്തില്‍ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ മൂന്നംഗസംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പയ്യോളി ബിസ്മി നഗറില്‍ ഓട്ടം പോയ ഓട്ടോ ഡ്രൈവര്‍ അനുരാഗിനെയാണ് മൂന്നോളം വരുന്ന സംഘം മര്‍ദ്ദിച്ചത്. സംഭവത്തില്‍ മര്‍ദ്ദനം തടയാനെത്തിയ മറ്റൊരു ഓട്ടോ ഡ്രൈവറായ അര്‍ഷാദിനും മര്‍ദ്ദനമേറ്റുവെന്ന് പരാതിയില്‍ പറയുന്നു. പരിക്കേറ്റ അനുരാഗിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിഷേധ യോഗം പ്രകടനത്തില്‍ ആവശ്യപ്പെട്ടു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് ചേര്‍ന്ന പ്രതിഷേധ പൊതുയോഗത്തില്‍ എന്‍.ടി രാജന്‍ അധ്യക്ഷനായി. യു.കെ പി റഷീദ്, ടി .ടി സോമന്‍, സി.രാജിവന്‍, കെ.സി സതീശന്‍, ടി. റാഫി, പ്രദീപ് തോലേരി എന്നിവര്‍ സംസാരിച്ചു.