അനാഥയെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുവര്‍ഷത്തിന് ശേഷം പ്രതികളെ പിന്തുടര്‍ന്ന് പിടികൂടി കുന്നമംഗലം പോലീസ്


കോഴിക്കോട്: അനാഥയായ സ്ത്രീയെ ഫ്ളാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ഉപേക്ഷിക്കുകയും ചെയ്ത കേസിലെ പ്രതികളെ രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയില്‍ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂര്‍ മാര്‍ക്കശ്ശേരിയില്‍ മുഹമ്മദ് ഷെബീല്‍ (28), കൊണ്ടോട്ടി പുളിക്കല്‍ വല്ലിയില്‍ മുഹമ്മദ് ഫൈസല്‍ (28) എന്നിവരെയാണ് കുന്നമംഗലം പൊലീസ് സമര്‍ത്ഥമായി വലയിലാക്കിയത്.

2022ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെയാണ് ഇവര്‍ സ്ത്രീയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സ്ത്രീയ കുന്നമംഗലം ഓടയാടിയിലെ ഫ്‌ലാറ്റിലെത്തിച്ച് പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. സ്ത്രീയുടെ മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റതിന് തുടര്‍ന്ന് ഇവര്‍ ഒന്നര വര്‍ഷത്തോളമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

കുന്നമംഗലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇരയുടെ മൊഴിയെടുക്കാന്‍ കഴിയാത്തത് പ്രതിസന്ധിയിലാക്കി. അതിജീവിതയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ കൂടുതല്‍ മൊഴിയെടുത്താണ് പൊലീസ് പ്രതികളിലേക്കെത്തിയത്. ഇതിനിടെ പ്രതികള്‍ മൊബൈല്‍ നമ്പറും താമസിച്ചിരുന്ന വീടും മാറിയത് പൊലീസിന് പ്രതിസന്ധിയായിരുന്നു.

ഏതാനും ദിവസം മുമ്പ് പ്രതികള്‍ നേരത്തെ താമസിച്ചിരുന്ന സ്ഥലത്തെത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പ്രതികളുടെ ചിത്രം അതിജീവിത തിരിച്ചറിഞ്ഞിട്ടുണ്ട്.