ബൂത്തുകള്‍ നല്‍കേണ്ടത് പതിനായിരം രൂപ, പാതി പോലും പിരിച്ച് നല്‍കാതെ 16 മണ്ഡലം കമ്മിറ്റികള്‍; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഫണ്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ലയിലെ പയ്യോളി ഉള്‍പ്പെടെയുള്ള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ഡി.സി.സി
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയുമായ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്കായി ഫണ്ട് ശേഖരിച്ച് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിടുമെന്ന് ഡി.സി.സിയുടെ മുന്നറിയിപ്പ്. പയ്യോളി ഉള്‍പ്പെടെ 16 മണ്ഡലം കമ്മിറ്റികള്‍ക്കാണ് മുന്നറിയിപ്പ് ലഭിച്ചത്.
ഒക്ടോബര്‍ 18 നകം മുഴുവന്‍ തുകയും കൈമാറണമെന്നാണ് ഡി.സി.സി മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. മൂന്നാം തവണയാണ് ഫണ്ട് നല്‍കാനായി തിയ്യതി നീട്ടി നല്‍കിയത്. എന്നാല്‍ ഇത്തവണ തുക കൈമാറിയില്ലെങ്കില്‍ പിരിച്ചുവിടുക എന്ന കര്‍ശനമായ നടപടിയെടുക്കുമെന്നാണ് ഡി.സി.സി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ 117 മണ്ഡലം കമ്മിറ്റികളാണ് ഉള്ളത്. ഇതില്‍ 16 എണ്ണമാണ് നിശ്ചിത തുക പിരിച്ച് നല്‍കാത്തത്. തുക നല്‍കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ രണ്ട് ആയിരുന്നു. പിന്നീട് ഇത് ഒക്ടോബര്‍ ഏഴാക്കി നീട്ടി നല്‍കി. എന്നിട്ടും തുക ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്ത്യശാസനം നല്‍കിയത്.
ഓരോ ബൂത്ത് കമ്മിറ്റികളും പതിനായിരം രൂപ വീതമാണ് പിരിച്ച് നല്‍കേണ്ടിയിരുന്നത്. ഇത് നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ ഡി.സി.സി നേതൃത്വത്തിന് കൈമാറും. ഇതില്‍ നിന്ന് ഡി.സി.സിയ്ക്കുള്ള വിഹിതം കുറച്ച ശേഷം ബാക്കി തുക ഡി.സി.സി കെ.പി.സി.സിയ്ക്ക് കൈമാറും.
ഫണ്ട് നല്‍കുന്നതില്‍ പരാജയപ്പെട്ട 16 കമ്മിറ്റികളില്‍ പലതും നിശ്ചിത തുകയുടെ പകുതി പോലും ഇതുവരെ നല്‍കിയിട്ടില്ല. പയ്യോളി പോലുള്ള വലിയ മണ്ഡലം കമ്മിറ്റികള്‍ പോലും ഫണ്ട് പിരിവില്‍ പരാജയപ്പെട്ടു. 35 ബൂത്തുകളാണ് പയ്യോളിയിലുള്ളത്. മൂന്നര ലക്ഷം രൂപയോളമാണ് പയ്യോളിയില്‍ നിന്ന് ഡി.സി.സിയ്ക്ക് ലഭിക്കേണ്ടത്.