ചേവായൂരിൽ യുവതിയെ ബസിൽ കൂട്ടബലാത്സംഗംചെയ്ത കേസ്: പ്രതി ഇന്ത്യേഷ് രണ്ടുവർഷത്തിന് ശേഷം പിടിയില്‍


കോഴിക്കോട്: ചേവായൂരിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ബസില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ കുന്ദമം​ഗംലം സ്വദേശിയായ യുവാവ് രണ്ട് വർഷത്തിന് ശേഷം പിടിയിൽ. കുന്ദമംഗലം സ്വദേശി ഇന്ത്യേഷ് കുമാര്‍ ആണ് പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സേലത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിനു ശേഷം നാടുവിട്ട പ്രതി തമിഴ്‌നാട്ടില്‍ പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. രണ്ടുവര്‍ഷമായി ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മെഡിക്കല്‍ കോളേജ് എസിപി കെ. സുദര്‍ശന്റെ പ്രത്യേക സംഘവും സിറ്റി സ്‌പേഷല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഇന്ത്യേഷിനെ കണ്ടെത്തിയത്.

രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ ചേവായൂർ സ്വദേശിയായ യുവതിയാണ് അതിക്രൂരമായി പീഡനത്തിനിരയായത്. യുവതിയെ മെഡിക്കല്‍ കോളേജിനു സമീപം മുണ്ടിക്കല്‍ത്താഴം വയല്‍സ്റ്റോപ്പിനടുത്തുവെച്ച് ഗോപീഷും ഇന്ത്യേഷും സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോവുകയും അടുത്തുതന്നെയുള്ള കോട്ടാപറമ്പ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ട ബസ്സിലെത്തിച്ച് ബലാത്സംഗംചെയ്യുകയുമായിരുന്നു. പിന്നീട്, സുഹൃത്ത് മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. അയാളും യുവതിയെ പീഡിപ്പിച്ചു. തുടര്‍ന്ന് ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങികൊടുത്ത് കുന്ദമംഗലം ഓട്ടോസ്റ്റാന്‍ഡിനടുത്ത് ഇറക്കിവിടുകയുമായിരുന്നു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ പരാതിപ്പെട്ടു. പ്രതികള്‍ യുവതിയുമായി സ്‌കൂട്ടറില്‍ പോവുന്നതിന്റെ അവ്യക്തമായ സി.സി.ടി.വി.ദൃശ്യം മാത്രമാണ് പോലീസിന് ലഭിച്ചിരുന്നത്. സംഭവത്തിനു ശേഷം ഗര്‍ഭണിയായ യുവതി പിന്നീട് പ്രസവിക്കുകയും കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ബന്ധുവിന്റെ സംരക്ഷണയിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്.

സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ സിറ്റി ക്രൈംസ്‌ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് ഇന്ത്യേഷ്.