വിനോദ യാത്രകൾ സംഘടിപ്പിച്ച് കാരിയർമാരെ കണ്ടെത്തും, വിതരണം ​’ഗൂ​ഗിൾ ലോക്കേഷൻ’ വഴി; കോഴിക്കോട് മാരക ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ


കോഴിക്കോട്: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വില്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേർ പിടിയിലായി. പയ്യാനക്കൽ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുൽനാസർ (36),പണ്ടരത്ത് വളപ്പ് ഷറഫുദ്ധീൻ (37), തിരുത്തിവളപ്പ് ഷബീർ (36) എന്നിവരാണ് അറസ്റ്റിലായത്.

ഇവർ കുളു, മണാലി വിനോദ യാത്രകൾ സംഘടിപ്പിക്കുകയും അതിലൂടെ യുവതികൾ ഉൾപ്പടെയുള്ള അനുയോജ്യരായ യാത്രക്കാരെ കണ്ടെത്തി കാരിയർമാരായി ഉപയോഗിച്ച് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുകയായിരുന്നു പതിവ്. ഇവരെ പിടികൂടുക പൊലീസിന് വെല്ലുവിളിയായിരുന്നു. കൂടാതെ പിടിക്കപ്പെടാതിരിക്കാൻ പണം നേരിട്ട് വാങ്ങാതെയും ലഹരി നേരിട്ട് ഏല്പിക്കാതെ ഗൂഗിൾ ലൊക്കേഷൻ സഹായത്തോടെ കൈമാറുകയുമായിരുന്നു പതിവ്. ട്രെയിനിൽ നിന്നിറങ്ങിയ പ്രതികളുടെ സോക്സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

ഇവരുടെ ഇടപാടുകൾ വളരെ കാലമായി സൂക്ഷ്മമായി നിരീക്ഷിച്ച പോലീസ് പ്രതികളെ ലഹരി മരുന്നോടെ വലയിലാക്കുകയായിരുന്നു. പിടികൂടിയ ലഹരി മരുന്ന് ആർക്കെല്ലാമാണ് കൊടുക്കുന്നതെന്നും മുൻപ് എത്ര തവണ കൊണ്ടുവന്നെന്നും കൂടുതൽ അന്വഷണം നടത്തിയാലെ മനസിലാക്കാൻ സാധിക്കൂവെന്ന് ടൗൺ ഇൻസ്പെക്ട്ടർ ബൈജു കെ. ജോസ് പറഞ്ഞു.

കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Summary: Carriers will be found by arranging tour trips, delivery through ‘Google Location’; Kozhikode youth arrested with mdma drugs