കൊവിഡ് കാലത്ത് യൂട്യൂബ് ചാനലിലൂടെ തുടക്കം, ഇപ്പോള്‍ അമേരിക്ക, യുകെ, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തും ശിഷ്യ സമ്പത്തുമായി പയ്യോളിയിലെ ഒമ്പതാം ക്ലാസുകാരി സെന യാസര്‍


കൊയിലാണ്ടി: പ്രായം 14 വയസ്, പയ്യോളി ജിവിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി, എന്നാല്‍ അത് മാത്രമല്ല സെന യാസര്‍. യുഎസ്എ, യുകെ, ജപ്പാന്‍, മെക്‌സികോ, ആസ്‌ട്രേലിയ, നെതര്‍ലാന്‍സ്, മിഡില്‍ ഈസ്റ്റ് മൗറീഷ്യസ് തുടങ്ങിയ നിരവധി രാജ്യങ്ങളിലായി ഒട്ടനേകം ശിഷ്യസമ്പത്തുള്ള ഒട്ടനവധി വേദികള്‍ ഈ ചെറുപ്രായത്തിനുള്ളില്‍ കീഴടക്കിയ കൊച്ചുമിടുക്കി കൂടിയാണ്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ ചെറുപ്രായത്തില്‍ സനയെ തേടിയെത്തിയിട്ടുണ്ട്. നാലാം വയസുമുതല്‍ വായന ശീലമാക്കിയ സന കോവിഡ് കാലത്തെ വിരസതയെ മറികടക്കാനാണ് താന്‍ വായിച്ച പുസ്തകങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. എന്നാല്‍ ഇതിലൂടെ സെന കൈയെത്തിപ്പിടിച്ചത് ഒട്ടെറെ വലിയ നേട്ടങ്ങളാണ്.

യൂട്യൂബ് ചാനലില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസുകളിലേക്കും അവിടുന്ന് മറ്റ് നിരവധി വേദികളിലേക്കുമായിരുന്നു സനയുടെ പ്രയാണം.

നിരവധി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വ്യക്തി വികാസം, പാഷന്‍ എംപവര്‍മെന്റ് കോച്ച് എന്നീ ക്ലാസുകളും നടത്തിയിട്ടുണ്ട്. ലോക പ്രശ്‌സ്തമായ ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമായ യൂഡമിയ്ക്ക് വേണ്ടി 75 ഭാഷകളിലായി 57 ദശലക്ഷം വിദ്യാര്‍ഥികള്‍ക്കായി സെനയുടെ വോയിസ് ഓവര്‍ 30 തവണ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.

 

കഴിഞ്ഞ നവംബറിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ പ്രായം കുറഞ്ഞ യംഗസ്റ്റ് കോച്ച് ആന്റ് പ്രഫഷണല്‍ സ്പീക്കര്‍ പുരസ്‌കാരം സനയെ തേടിയെത്തിയത്. ആത്മവിശ്വാസത്തോടെ ഏത് വിഷയത്തെക്കുറിച്ചും സംസാരിക്കാനുള്ള കഴിവ് സന തന്റെ വായനയിലൂടെയും മറ്റ് നിരീക്ഷണങ്ങളിലൂടെയും നേടിയെടുത്തിട്ടുണ്ട്.

ഇതിനകം തന്നെ നിരവധി പ്രശസ്ത എഴുത്തുകാരുടെയും ബുക്ക് റിവ്യൂ സന ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഐടി പ്രസന്റേഷനിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡും, ജില്ലാതലത്തിൽ എ ​ഗ്രേഡോടെ ഒന്നാംസ്ഥാനവും, ഉപന്യാസ രചനയിൽ എ ​ഗ്രേഡ് നേടിയിട്ടുണ്ട്. കോഴിക്കോട് മാനേജ്മെന്റ് അസോസിയേഷനിൽ ഡോ. ശശി തരൂരുമായി ഉള്ള സംവാദം ശ്രദ്ധോയമായിരുന്നു. വിവിധ വിഷയങ്ങിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് തരൂർ ഏകദേശം 10 മിനുറ്റ് ദീർഘമായി മറുപടി പറഞ്ഞു.

ലയണ്‍സ് ക്ലബിന്റെ കുട്ടി സംഘടനയായ ലിയോ ക്ലബിന്റെ മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്ട് പ്രസിഡണ്ടാണ് നിലവില്‍ സന. ഒരാഴ്ച മുമ്പ് വിശാഖപട്ടണത്ത് നടന്ന ഐസമേ കോണ്‍ക്ലേവില്‍ (ഇന്ത്യ, സൗത്ത് ഏഷ്യ, മിഡില്‍ ഈസ്റ്റ്) വച്ചാണ് സനയെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

നാലാം ക്ലാസു വരെ ഖത്തര്‍ സ്‌കോളാര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠനം നടത്തിയ സന ഇപ്പോള്‍ പയ്യോളി ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ്. ഒമ്പതാം ക്ലാസുമുതല്‍ എഴുത്തിലും ഈ കൊച്ചുമിടുക്കി സജീവമാണ്.

പുറത്ത് പോയി വിദ്യാഭ്യാസം നേടാനും ലോകം ചുറ്റാനും ആഗ്രഹിക്കുന്ന ഈ മിടുക്കി ചെറുപ്പം മുതല്‍ തന്നെ കണ്ണാടിക്ക് മുമ്പില്‍ നിന്ന് സംസാരിക്കാനും ഒരുപാട് ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാനും ഇംഗ്ലീഷ് സിനിമകള്‍ കാണാനും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ഇന്ന് സന ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് കഥാ രചനയില്‍ എ ഗ്രേഡും ഈ മിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ലേഖനങ്ങളില്‍ എഴുതിയിട്ടുണ്ടെങ്കിലും തന്റെ ആദ്യ പുസ്തകം പബ്ലിഷ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സനയിപ്പോള്‍.

പയ്യോളി രാരാരി യാസറിന്റെയും നസ്രിയുടെയും മകളാണ്.

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു; കൊയിലാണ്ടിയിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം