‘എനിക്ക് മൂവായിരം, വീണയ്ക്ക് രണ്ടായിരം’; ശസ്ത്രക്രിയ ചെയ്യുന്നതിന് കെെക്കൂലി ആവശ്യപ്പെട്ടു, തന്ത്രപരമായി കുടുക്കി വിജിലൻസ്, ചാവക്കാട് രണ്ട് സർക്കാർ ഡോക്ടർമാർ അറസ്റ്റിൽ
ചാവക്കാട്: രോഗിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിൽ. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി, അനസ്‌തേഷ്യ വിഭാഗം
ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിലെത്തിയ യുവതിയിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
ഭാര്യയുടെ ഓപ്പറേഷൻ നടത്താൻ പണം ആവശ്യപ്പെട്ടെന്ന് പൊതുപ്രവർത്തകനായ ആഷിക്ക് വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശ പ്രകാരം അവര്‍ നല്‍കിയ പണം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ക്ലിനിക്കില്‍ വെച്ച് ഡോക്ടര്‍മാര്‍ക്ക് കെെമാറി. ഈ സമയം തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അവിടെ എത്തി ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു.
ഭാര്യയുടെ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയ നടത്തുന്നതിനാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പൊതുപ്രവർത്തകനായ ആഷിക്ക് പറയുന്നത്. മൂവായിരം രൂപ തന്നാലേ സർജറി ചെയ്യൂവെന്നാണ് ഡോ. പ്രദീപ് കോശി പറഞ്ഞതെന്ന് ആഷിക്ക് ആരോപിക്കുന്നു. ഇതിന് പുറമെ രണ്ടായിരം രൂപ അനസ്തേഷ്യ ഡോക്ടർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും പരാതിക്കാരൻ പറയുന്നു.
Summary: bribe case two doctors from chavakkad govt taluk hospital arrested